ഭൂകമ്പത്തിൽ വീടും കിടപ്പാടങ്ങളും നഷ്ടമായി തെരുവിലായ തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് സഹായമായി ഖത്തർ പ്രഖ്യാപിച്ച മൊബൈൽ വീടുകളിലെ അവസാന ബാച്ചും കൈമാറി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിനു കീഴിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച 10,000 കാബിൻ വീടുകളാണ് ഇതോടെ തുർക്കിയ, സിറിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലായി നൽകിയത്.
വടക്കുകിഴക്കൻ തുർക്കിയയിലെ പതിനഞ്ചോളം നഗരങ്ങളിലായാണ് പൂർണമായി ഫർണിഷ് ചെയ്ത്, വൈദ്യുതീകരിച്ച വീടുകൾ വിതരണം ചെയ്തത്.കഴിഞ്ഞ ഫെബ്രുവരിയിൽ അരലക്ഷത്തോളം പേരുടെ ജീവൻ കവരുകയും ദശലക്ഷം ജനങ്ങൾക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്ത ഭൂകമ്പദുരന്തത്തിന്റെ ഇരകൾക്ക് ആശ്വാസമായാണ് ഖത്തർ 10,000 മൊബൈൽ വീടുകൾ പ്രഖ്യാപിച്ചത്.

ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിലെത്തിയ കാണികളുടെ താമസത്തിനുപയോഗിച്ച കണ്ടെയ്നർ കാബിൻ വീടുകളാണ് കൂടുതൽ മോടിപിടിപ്പിച്ച് ഭൂകമ്പ ദുരിതബാധിതർക്കായി എത്തിച്ചത്. ഫെബ്രുവരി ആദ്യവാരത്തിൽ നടന്ന ദുരന്തത്തിനു പിന്നാലെ, ഖത്തർ എയർബ്രിഡ്ജ് പ്രഖ്യാപിച്ച് തുർക്കിയ, സിറിയ രാജ്യങ്ങളിലേക്ക് ഖത്തർ സഹായം പ്രഖ്യാപിച്ചിരുന്നു.













