സി പി എം ജില്ലാ സമ്മേളനം 45 വര്‍ഷങ്ങള്‍ക്ക് ശേഷം കൊയിലാണ്ടി വെച്ച് നടക്കുകയാണ്. ജനുവരി 2,34 തിയ്യതികളിലായി നടക്കുന്ന സമ്മേളനം യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ഐതിഹാസിക സമരം നടത്തി അധിനിവേശത്തെ ചെറുത്ത കുഞ്ഞാലിമരയ്ക്കാരുടെ നാട്ടില്‍ പുതിയൊരു വിപ്ലവ കാഹളം മുഴക്കുകയാണ്.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ ബ്രാഞ്ചു തലം മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കോഴിക്കോട് ജില്ലയില്‍ പതിനാറ് ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയായി.
1571 ലായിരുന്നു കുഞ്ഞാലി മൂന്നാമന്റെയും നാലാമന്റെയും നേതൃത്വത്തില്‍ കോട്ടക്കലില്‍ നാവികത്താവളമുണ്ടാക്കി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തിയത്. 1600 മാര്‍ച്ച് പതിനാറാം തിയ്യതി ചതിയിലൂടെ കുഞ്ഞാലിയെ കീഴടക്കിയ ശേഷം വിചാരണയൊന്നും കൂടാതെ യൂറോപ്യന്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു. പറങ്കി ന്യായാധിപന്‍മാര്‍ കുഞ്ഞാലിക്കും സഹപ്രവര്‍ത്തകര്‍ക്കും വധിശിക്ഷ വിധിച്ചു. കുഞ്ഞാലി മരയ്ക്കാരെ വധിച്ച ശേഷം നാലു തുണ്ടമായി കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചു.
1498 ല്‍ പോര്‍ച്ചുഗീസുകാരന്‍ വാസ്‌കോഡ ഗാമ മലബാര്‍ തീരത്ത് ആദ്യമായി നങ്കൂരമിട്ടത് കാപ്പാടാണ്. ഗാമ തന്ന#റെ കപ്പലുകളെ കൊണ്ടെത്തിച്ചതും കാലുകുത്തിയതും പന്തലായനി കൊല്ലത്താണ്. കാപ്പാട് കടലോരവും കോട്ടക്കല്‍ പ്രദേശവും ലോക ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. പടിഞ്ഞാറ് അറബിക്കടലും വടക്ക് മൂരാട് പുഴയും അകലാപ്പുഴയും കിഴക്ക്-തെക്ക് കോരപ്പുുഴയും നിറഞ്ഞൊഴുകുന്ന കൊയിലാണ്ടി നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ്.
എടുക്കുഴിയും വെളിയന്നൂര്‍ ചല്ലിയും ചാത്തനാടത്ത് കടവിലെ കണ്ടല്‍ക്കാടുകളും കുന്ന്യോറമലയും കടലൂര്‍ ലൈറ്റ് ഹൗസും ജര്‍മ്മന്‍ പാതിരിമാര്‍ താമസിച്ച പാതിരിക്കാടും മുചുകുന്നും ശ്രീശൈലവും ഹൂക്കയുടെ നിര്‍മ്മാണവും കുനിയില്‍ക്കടവും തോരായ്ക്കടവും ഉള്ളൂര്‍ക്കടവും കണയങ്കോടും ഇരിങ്ങത്ത് കടവ്, പൊയില്‍ക്കാവ് കോട്ടയും കൊല്ലം പാറയും ഉരുപുണ്യക്കാവും ഈ നാടിന്റെ സമ്പത്താണ്.
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നാട്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നാട് എന്നിങ്ങനെയും ശ്രദ്ധേയമാണ് ഈ പ്രദേശം. കൃഷ്ണയ്യര്‍ പഠിച്ച കോതമംഗലം ജി എല്‍ പി സ്‌കൂളും കൊയിലാണ്ടി ഹൈസ്‌കൂളും നാട്ടിന്നഭിമാനം. കേരള ഗാന്ധി കെ കേളപ്പന്‍ 1889 ആഗസ്റ്റ് 24 ന് മൂടാടി മുചുകുന്നിലെ പുത്തന്‍ പുരയില്‍ ജനിച്ചു. 1957 ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ ടിക്കറ്റില്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭാഗംമായി തെരഞ്ഞെടുക്കപ്പെട്ടു. 1946 ല്‍ മദ്രാസ് നിയമസഭയിലേക്ക് സി കെ ജി കൊയിലാണ്ടി നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി എച്ച് മുഹമ്മദ് കോയ കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചു. കൊയിലാണ്ടിയില്‍ ജനിച്ചു വളര്‍ന്ന സെയ്ദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണനും എഴുത്തുകാരായ തിക്കോടിയനും യു എ ഖാദറും നടന്‍ ചേമഞ്ചേരി നാരായണന്‍ നായരും ജനിച്ചു വളര്‍ന്ന നാടാണ് കൊയിലാണ്ടി.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത നിരവധി പേര്‍ക്ക് ജന്മം കൊടുത്ത നാട്.1942 ആഗസ്റ്റ് 19 ന് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ രജിസ്ട്രാര്‍ ഓഫീസ്, തിരുവങ്ങൂര്‍ വില്ലേജ് ഓഫീസ് എന്നിവ അഗ്നിക്കിരയാക്കി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ദേശാഭിമാനികാളുടെ ഈ നാട്ടില്‍ നിരവധി ഹൈന്ദവ ക്ഷേതങ്ങളും മുസ്ലീം-ക്രിസ്ത്യന്‍ പള്ളികളുമുണ്ട്.
പത്മശ്രീ മാണി മാധവചാക്യാര്‍ക്ക് ജന്മം കൊടുത്ത നാട് തെയ്യം, തിറയാട്ടം, കാളിയാട്ടം, തീയാട്ടം, കളമെഴുത്ത്, കളം മായ്ക്കല്‍, നാഗപ്പാട്ട്, കൂത്ത്, ഓട്ടന്‍ തുള്ളല്‍, കഥകളി, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ കലകളുടെ നാട് കൂടിയാണ്.
കയര്‍ത്തൊഴിലാളികളുടെ ഉജ്ജ്വലമായ നിരവധി സമരങ്ങള്‍ ഇവിടെ നടന്നു. ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള കര്‍ഷക സമരങ്ങള്‍ അലയടിച്ച നാടാണ് കൊയിലാണ്ടി. 1948 ല്‍ കര്‍ഷക വളണ്ടിയര്‍മാര്‍ ജന്മിമാരുടെ നെല്ലറകള്‍ തുറന്ന് പൂഴ്ത്തിവെച്ച ധാന്യം പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. സഖാവ് ഗോപാലന്‍കുട്ടിയെയും ഇ കെ ശ്രീധരനെയും മേലങ്കണ്ടി ചോയിക്കുട്ടിയെയും കണ്ണൂര്‍ ജയിലിലേക്കയച്ചു. പിന്നീട് ഇവരെ കണ്ണൂരില്‍ നിന്നും സേലം ജയിലേല്ക്ക് മാറ്റി. സേലം ജയലിലടക്കപ്പെട്ട സഖാവ് ഗോപാലന്‍ കുട്ടിയെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത്. സേലം രക്തസാക്ഷി ഗോപാലന്‍ കുട്ടിയുടെ നാട്ടിലാണ് പാര്‍ട്ടി ജില്ലാ സമ്മേളനം നടക്കുന്നത്. സേലം ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റ് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ആര്‍ ചന്തുവിന്റെ നാട്. ഉജ്ജ്വലമായ ലാന്റ് സെസ്സ് വിരുദ്ധ സമരം നടത്തിയ കര്‍ഷകരുടെ നാട്. നിരവധി കുടികിടപ്പ് സമരങ്ങള്‍ നടന്ന കൊയിലാണ്ടി ഇന്ന് ഇടതുപക്ഷശക്തികളുടെ മുന്നേറ്റ ഭൂമിയാണ്. ഹിന്ദുവര്‍ഗ്ഗീയ ശക്തികളാല്‍ പയ്യോളി കടലോര മേഖലയില്‍ കൊല ചെയ്യപ്പെട്ട ഉണ്ണര- അഹമ്മദ് മാസ്റ്ററുടെയും നാടാണ് ഇത്. യു ഡി എഫ് ശക്തികേന്ദ്രമായിരുന്നു ഒരിക്കല്‍ ഇവിടം. അരിക്കുളം ഒഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളുടെ ഭരണവും നീണ്ടകാലം യു ഡി എഫ് നിയന്ത്രണത്തിലായിരുന്നു. ഇന്ന് രണ്ട് പഞ്ചായത്തും ഒരു മുന്‍സിപ്പാലിറ്റിയുമൊഴികെ എല്‍ ഡി എഫ് നിയന്ത്രണത്തിലാണ്. തുടര്‍ച്ചയായി മൂന്ന് തവണയും കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് വിജയിച്ചു.
ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 1972 ലായിരുന്നു കൊയിലാണ്ടിയില്‍ ജില്ലാ സമ്മേളനം നടന്നത്. അന്നത്തെ ചെറിയ പാര്‍ട്ടി ഇന്ന് 2018 ല്‍ വീണ്ടും ഈ മണ്ണില്‍വെച്ച് ജില്ലാ സമ്മേളനം സംഘടിപ്പിക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളുടെയും പ്രസ്ഥാനമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സമര ചരിത്രങ്ങളുടെ, പോരാട്ടങ്ങളുടെ കൊയിലാണ്ടിയുടെ മണ്ണില്‍ വീണ്ടും സി പി എം ജില്ലാ സമ്മേളനമെത്തുമ്പോള്‍ നാടാകെ ആവേശത്തിലാണ്.
പി വിശ്വന്‍ (മുന്‍ എം എല്‍ എ)
ജില്ലാ സമ്മേളനം സ്വാഗതസംഘം സെക്രട്ടറി













