പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ വാദിക്കുന്നു.നേരത്തെ, കീഴ്ക്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്‌കറിയയുടേതെന്നു വിമർശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്.













