തിരുവനന്തപുരം : സാമൂഹ്യ – സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ മുന്നണികളോ അധികാരത്തില്‍ വന്ന ചരിത്രമില്ലെന്നു കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും അതിപിന്നോക്കസമുദായ മുന്നണി രക്ഷാധികാരിയുമായ പി. രാമഭദ്രന്‍ പറഞ്ഞു.സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ ശാക്തീകരണം എന്ന ആശയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന വിവിധ സാമൂഹ്യ സംഘടനകളുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1980-ലും അതിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതു മതേതരകക്ഷികളുടെ പരിപൂര്‍ണ്ണവിജയമായിരുന്നുവെന്ന് അവകാശപ്പെടാന്‍ കഴിയും.അന്നത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് സി. പി എം ,സി.പി.ഐ എന്നീ കക്ഷികളും ഏ. കെ ആന്റണിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സും എല്ലാം സഹകരിച്ചാണ് മത്സരിച്ച് വിജയിച്ചതും.പട്ടികജാതിക്കാരനായ കെ. കുഞ്ഞമ്പുവിനെ ജനറല്‍ സീറ്റില്‍ കണ്ണൂരില്‍ നിന്നും പാര്‍ലമെന്റിലേക്കു വിജയിപ്പിച്ചു വിടാന്‍ കഴിഞ്ഞതും എടുത്തു പറയത്തക്ക നേട്ടമാണ്.ഇപ്പോള്‍ മൂന്നു മുന്നണികളിലുമുള്ള രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ഒഴിച്ചാല്‍ എല്ലാം മൊട്ടുസൂചിയുടെ വലുപ്പത്തിലുള്ള പാര്‍ട്ടികള്‍ ആണ്.പലര്‍ക്കും ഒരു നിയോജകമണ്ഡലത്തില്‍ പത്തുപേര്‍ പോലും ഉണ്ടാകില്ല.അടുത്ത കാലത്തു ഒരു മുന്നണിയിലെ ഒരു പാര്‍ട്ടിയില്‍ നിന്ന് 5 പേരെ പുറത്താക്കിയതായി നേതാവിന്‍റെ പ്രസ്താവന കണ്ടപ്പോള്‍ ആണ് അദ്ദേഹം ഒറ്റയ്ക്കല്ലെന്നും മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നും അറിഞ്ഞത്.

ജനാധിപത്യത്തില്‍ കൂടുതല്‍ ചര്‍ച്ചയും ശക്തിയും ഉണ്ടാവണമെങ്കില്‍ കരുത്തുറ്റ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിയുണ്ടാവണം.അതിന് അനുയോജ്യമായ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാമൂഹ്യ സംഘടനകള്‍ മടിക്കേണ്ടതില്ലെന്നും രാമഭദ്രന്‍ പറഞ്ഞു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് അദ്ധ്യക്‌ഷത വഹിച്ചു. അഡ്വ. പി. ആർ.സുരേഷ് (എഴുത്തച്ഛൻ സമാജം) എൽ. രമേശൻ, (കെ.പി.എം. എസ്),കെ. രവികുമാർ ( സിദ്ധനർ സർവീസ് സൊസൈറ്റി) സി.കെ.ചന്ദ്രൻ( കേരള മൺപാത്ര നിർമ്മാണ സമുദായ സഭ) ചൊവ്വര സുനിൽ നാടാർ ( കേരള നാടാർ സർവീസ് ഫാറം ) വൈ.ലോറൻസ്( സാംബവ സർവീസ് ഡെവലപ്മെന്റ് സൊസൈറ്റി) വി.കെ ഗോപി( ആൾ കേരള പുലർ മഹാസഭ) രാമചന്ദ്രൻ മുല്ലശ്ശേരി(സാംബവ മഹാസഭ) അഡ്വ.വി.ആർ.രാജു( അഖിലകേരള ചേരമാർ ഹിന്ദുമഹാസഭ ) സുരേഷ് കുന്നത്ത് ( വിളക്കിത്തല നായർ മഹാസമാജം) കെ. ഗോകുൽദാസ്( ആൾ ഇന്ത്യ വീരശൈവ സഭ) ഡി. ആർ വിനോദ് (കേരള സാംബവ സഭ) ഡി. പ്രശാന്ത് (കെ. ഡി. എഫ് ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.













