മാനവീയം വീഥിയിൽ കലാപരിപാടിക്കിടെ സഹോദരന്മാരെ സംഘംചേർന്ന് വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തൈക്കാട് മേലാറന്നൂർ സ്വദേശി ശിവ(19)യെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലുണ്ടെന്നുകരുതുന്ന മൂന്നുപേർ കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച പുലർച്ച 1.30 നായിരുന്നു സംഘട്ടനം.
കലാപരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്സലൻ (27), അനുജൻ ജനീഷ് എന്നിവരെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദിച്ചെന്നാണ് കേസ്. അക്രമത്തിൽ അക്സലന്റെ തലക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപരിപാടി നടക്കുമ്പോൾ റോഡിൽ നൃത്തംവെച്ചതിന്റെ പേരിലായിരുന്നു ആക്രമണം.അക്സലനെ അക്രമി സംഘം നിലത്തുതള്ളിയിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.














