രാജ്യത്തെ നടുക്കിയ ഒഡിഷ ബാലാസോർ ട്രെയിൻ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ പറയുന്നത്. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ . ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ല. ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതുപോലെ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 52പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടുമില്ല .ജൂണ്‍ 2 നാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം നടന്നത്.

ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് പാളം തെറ്റിയ കോച്ചുകൾ ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിടിച്ചു. 292 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു.













