ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലേക്കുപുറപ്പെട്ടു


ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലേക്കു പുറപ്പെട്ടതായി പ്യോംഗ്യാംഗ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് കിം പുറപ്പെട്ടത്.യുക്രെയ്ൻ യുദ്ധത്തിനായി റഷ്യക്കു വെടിക്കോപ്പുകള്‍ നല്കാൻ കിം തയാറായേക്കും.


ഉത്തരകൊറിയൻ നേതാക്കളുടെ പാരന്പര്യം പിന്തുടര്‍ന്ന് സ്വകാര്യ ട്രെയിനിലാണു കിമ്മിന്‍റെ യാത്ര. വെടിയുണ്ടയേല്‍ക്കാത്ത 20 ബോഗികളുള്ള ട്രെയിനിനു ഭാരം കൂടുതലാണ്. 1,180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ 20 മണിക്കൂറെങ്കിലും എടുത്തേക്കും.


നാലു വര്‍ഷത്തിനു ശേഷമാണു കിം ഉത്തരകൊറിയയ്ക്കു പുറത്തു പോകുന്നത്. 2019ല്‍‌ വ്ലാഡിവോസ്റ്റിക്കില്‍ പുടിനെ കാണാനായിരുന്നു അവസാന യാത്ര. ഉത്തരകൊറിയയുടെ അണ്വായുധ പദ്ധതികള്‍ അവസാനിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലായിരുന്നുഅത്. അന്നും ട്രെയിനിലാണു കിം എത്തിയത്.

യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യൻ പട്ടാളം പീരങ്കി ഷെല്ലുകളുടെയും റോക്കറ്റുകളുടെയും അഭാവം നേരിടുന്നതായാണു റിപ്പോര്‍ട്ട്. ഇവ റഷ്യക്കു നല്കാൻ കിം തയാറായേക്കും. ഇതിനു പകരമായി പുടിൻ ഉത്തരകൊറിയയ്ക്ക് എന്തായിരിക്കും നല്കുകയെന്നതില്‍ പാശ്ചാത്യശക്തികള്‍ക്കു വലിയ ആശങ്കയുണ്ട്.

ഭക്ഷ്യവസ്തുക്കള്‍ക്കും അസംസ്കൃത പദാര്‍ഥങ്ങള്‍ക്കും പുറമേ യുഎൻ അടക്കമുള്ള അന്താരാഷ്‌ട്ര വേദികളില്‍ ഉത്തരകൊറിയയ്ക്കു റഷ്യയുടെ പിന്തുണ ലഭിക്കും. ഇതിനു പുറമേ, ആയുധ സാങ്കേതികവിദ്യ റഷ്യ ഉത്തരകൊറിയയ്ക്കു നല്കുമോ എന്നാണ് ആശങ്ക.



Sharing is Caring