ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമായ വടക്കേ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് വടക്കേ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് കാനഡ – യു.എസ് അതിര്‍ത്തിയിലുള്ള നയാഗ്രയിലേക്കെത്തുന്നത്.

ഇപ്പോഴിതാ നയാഗ്രയുടെ വേറിട്ട ഒരു കാഴ്ച സഞ്ചാരികള്‍ കണ്ടറിയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. 100 വര്‍ഷങ്ങള്‍ക്ക് മുന്നെ നിര്‍മ്മിക്കപ്പെട്ട ഒരു ടണല്‍ പൊതുജനങ്ങള്‍ക്ക് തുറന്നതോടെയാണത്. നയാഗ്രയുടെ കനേഡിയന്‍ ഭാഗത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള താഴെ ഭാഗത്തായിട്ടാണ് ഈ ടണലുള്ളത്. ഒരു പവര്‍ സ്റ്റേഷന്റെ ഭാഗമാണ് 1905ല്‍ നിര്‍മ്മിക്കപ്പെട്ട 2,198 അടി നീളമുള്ള ഈ കൂറ്റന്‍ ടണല്‍. പവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം നിറുത്തിയതോടെ ജൂലായിലാണ് ടണല്‍ സന്ദര്‍ശകര്‍ക്ക് തുറന്നത്.

നയാഗ്ര നദിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന ഇവിടുത്തെ പവര്‍ സ്റ്റേഷന്‍ 2006 വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പവര്‍ സ്റ്റേഷനും അവിടുത്തെ കൂറ്റന്‍ ജനറേറ്ററുകളും സഞ്ചാരികള്‍ക്ക് കാണാം. ഗ്ലാസ് എലവേറ്റര്‍ വഴിയാണ് സഞ്ചാരികളെ ടണലിന്റെ ഉള്ളിലേക്കെത്തിക്കുന്നത്. ടണല്‍ അവസാനിക്കുന്നയിടത്ത് നിന്നാല്‍ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ കാഴ്ച കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *