സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്; യഹിയ തങ്ങള്‍ കസ്റ്റഡിയില്‍

തൃശൂര്‍: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്.

അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്.

റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു.ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *