മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലൻഡ് മന്ത്രി രാജിവെച്ചു


കനത്ത മഴയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലൻഡ് മന്ത്രി രാജിവെച്ചു. നീതിന്യായ മന്ത്രിയായ കിരി അലനാണ് തിങ്കളാഴ്ച രാജിവെച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി തലസ്ഥാനമായ വെല്ലിംഗ്ടണിലാണ് അപകടം.


അപകടത്തെ തുടർന്ന് മന്ത്രിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നാല് മണിക്കൂറിന് ശേഷം കസ്റ്റഡിയിൽ വെച്ചശേഷം കിറി അലനെ വിട്ടയച്ചിരുന്നു. പിന്നീട് കോടതിയിൽ മന്ത്രി ഹാജരാകണം. അപകടത്തിൽ ആളാപായമില്ല. അമിതമായി മദ്യപിച്ച് നിയമലംഘനം നടത്തിയതിന് മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.


മന്ത്രിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് സ്ഥിരീകരിച്ചു. രാജിവെച്ച അലൻ പാർലമെന്റംഗമായി തുടരും. പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിരി അലൻ.



Sharing is Caring