വാട്സ്‌ആപ്പില്‍ പുതിയ ‘ചാനല്‍’ ഫീച്ചര്‍


വാട്സ്‌ആപ്പില്‍ പുതിയ ‘ചാനല്‍’ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനല്‍’.അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും. വാട്സ്‌ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനല്‍ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.


നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും നേരത്തെ മെറ്റ വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനാവൂ.


ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഏതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. ചാനല്‍ തെരയാനുള്ള സൗകര്യവും ആപ്പിലുണ്ടാവും.

ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അഡ്മിന്‍മാര്‍ക്കും അതിലെ മറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ ഫോണ്‍ നമ്ബറും പ്രൊഫൈല്‍ ചിത്രവും കാണാന്‍ കഴിയില്ല. നിലവില്‍ ചാനല്‍ സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ചാറ്റ് ആയിരിക്കില്ല. സബ്‌സ്‌ക്രൈബ് റിക്വസ്റ്റ് ചെയ്യുന്നവരെ അപ്രൂവ് ചെയ്യാനുള്ള സൗകര്യവും താമസിയാതെ അവതരിപ്പിക്കും. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു . അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും.



Sharing is Caring