കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും


എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിലെ കൊലപാതക കേസില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.


മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടികള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കോടതി അനുമതിയോടെ കൊലക്കേസിലെ തുടരന്വേഷണത്തിനായി പൊലീസ് അര്‍ഷാദിനേയും കൊണ്ട് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെയാണ് അര്‍ഷാദ് അതിക്രൂരമായി കൊലപ്പെടുത്തിയത്.


മൃതദേഹം കെട്ടിപ്പൊതിഞ്ഞ് ഫാളാറ്റിലെ പൈപ്പ് ഡക്റ്റില്‍ തൂക്കിയിട്ട നിലയില്‍ ആണ് കണ്ടെത്തിയത്. ഇത് പ്രതിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം നടന്ന ഫ്ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അര്‍ഷാദിനെ കാസര്‍ഗോഡ് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.



Sharing is Caring