മുതലപ്പൊഴി അപകടം ;പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം


മുതലപ്പൊഴിയിൽ അപകടമരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ തീരുമാനിക്കാൻ മന്ത്രിസഭാ യോഗം. ഇന്ന് നടക്കുന്ന യോഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂണെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. പഠന റിപ്പോർട്ട് കിട്ടുന്നതിന് മുൻപ് തന്നെ അടിയന്ത്രമായി ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം.


അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. ഹാർബർ പരിശോധിക്കാൻ കേന്ദ്രം സംഘവും ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗം വൈകിട്ടാണ് എത്തുന്നത്.


അതേ സമയം മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ.



Sharing is Caring