മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിലെ ഹര്‍ജിക്കാരൻ മരിച്ച സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ ഭാര്യയെ കക്ഷിചേര്‍ത്ത് വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ വിജിലൻസിന് പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടര്‍ക്ക് നേരിട്ടാണ് കുഴല്‍നാടൻ നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.
ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടൻ നിയമപോരാട്ടം തുടങ്ങിയെന്നും പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായി അടക്കം മറുപടി നല്‍കിയില്ലെന്നും കുഴല്‍നാടൻ ആരോപിച്ചു.













