മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തീയറ്ററുകളിൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായി ജനുവരി 25 നാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിന് ആറ് ദിവസം മുന്‍പുതന്നെ ആരംഭിച്ച അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ എത്തിയിട്ടുണ്ട്.വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ 2 കോടിക്കും 2.50 കോടിക്കും ഇടയില്‍ കളക്റ്റ് ചെയ്തിട്ടുണ്ട്.

ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ട്രാക്ക് ചെയ്ത 1549 ഷോകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിട്ടുള്ളത് 2.48 കോടിയാണ്. റിലീസിന് രണ്ട് ദിവസം ശേഷിക്കെയുള്ള കണക്കാണ് ഇത്. ഈ ദിനങ്ങളില്‍ ചിത്രം നേടുന്ന ബുക്കിംഗിനെക്കൂടി ആശ്രയിച്ചാണ് ഓപണിംഗ് കളക്ഷന്‍ എത്ര വരുമെന്ന് അനുമാനിക്കാനാവുന്നത്. ഏതായാലും മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്‍റെ പ്രതീക്ഷ.ജനുവരി 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍.

രാവിലെ 9.15 ഓടെ ആദ്യ ഷോകള്‍ക്ക് ശേഷമുള്ള പ്രേക്ഷകാഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തും. ഇത് പോസിറ്റീവ് ആവുന്നപക്ഷം വാലിബന്‍ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങും. മോഹന്‍ലാലിന്‍റെ തൊട്ടുമുന്‍പ് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വാലിബനിലുള്ള പ്രേക്ഷക പ്രതീക്ഷ വലുതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *