സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടർ തുടർച്ചയായ 17ാം തവണയും അദ്ദേഹം നേടി. അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണമില്ല. കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം.
ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിദിനം അരലക്ഷത്തോളം പേർക്ക് വരെ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയൻ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റിയുടെ ചുമതല.













