ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി എംഎൽഎ കെ. ശാന്തകുമാരി രം​ഗത്ത്


പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി രം​ഗത്ത്. ഡോക്ടർമാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ. ശാന്തകുമാരി പ്രതികരിച്ചു.


അത്യാഹിത വിഭാഗത്തിൽ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് താൻ പറഞ്ഞതെന്ന് അവർ വിശദീകരിച്ചു.തന്റെ പെട്ടെന്നുള്ള പ്രതികരണം ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ വ്യക്തമാക്കി. സാധാരണക്കാരി എന്ന നിലയിലാണ് ആശുപത്രിയിൽ പോയത്. എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരി​ഗണന വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മോശമായി പെരുമാറരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും അവർ വ്യക്തമാക്കി.


കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ​ഗുരുതര പരാതിയാണ് കെജിഎംഒഎ ഉന്നയിച്ചത്. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് തങ്ങളോട് കയർക്കുകയായിരുന്നുവെന്ന് കെജിഎംഒഎ ആരോപിക്കുന്നു.



Sharing is Caring