കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ സമീപകാലത്തു രാജ്യത്തുണ്ടായ ചില സംഭവവികാസങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്താൽ മനസിലാകും. മൂലധന നിക്ഷേപം നടത്തിയ ആളുടെ താത്പര്യവും നിലനിൽപ്പുമാണ് പലപ്പോഴുമുണ്ടാകുന്നത്.ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ചു റേറ്റിങ് പ്രധാനപ്പെട്ടതാണ്. ഏത് ആങ്കർ പ്രൈം ടൈം വാർത്ത അവതരിപ്പിക്കണമെന്നുപോലും നിശ്ചയിക്കുന്നതു റേറ്റിങ് സമ്പ്രദായമാണ്. വാർത്ത എങ്ങനെ നൽകണമെന്നതിൽ മാർക്കറ്റിന്റെ സ്വാധീനവുമുണ്ട്.
മാധ്യമ മേഖലയിൽ വലിയ തോതിൽ കോർപ്പറേറ്റ്വത്കരണം നടക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന എത്രയെണ്ണമുണ്ടെന്നു പരിശോധിക്കപ്പെടേണ്ടതാണ്. ഇടപെടലുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ മാധ്യമ സ്ഥാപനങ്ങൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു. രാജ്യത്തിന്റെ നയരൂപീകരണം നടത്തുന്ന ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന തലത്തിലേക്കുപോലും ഈ കോർപ്പറേറ്റ്വത്കരണം കൈകടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കു വർത്തമാനകാലത്തോടും ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള ഉത്തരവാദിത്തം എന്തായിരിക്കണമെന്നു വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു.