കോള്‍ചാലുകളിലെ കുളവാഴകള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. കുളവാഴകള്‍ മൂലമുള്ള നീരൊഴുക്ക്പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ജലവിഭവവകുപ്പ് മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ സമരത്തില്‍നിന്നു പിന്മാറി.ജില്ലയിലെ വടക്കന്‍ മേഖലയിലുള്ള കര്‍ഷകരാണ് കുളവാഴകള്‍ മൂലം പ്രതിസന്ധി നേരിടുന്നത്. പുല്ലഴി, കോട്ടച്ചാല്‍, ഏനാമാവ്, പെരുമ്പുഴ, ചേറ്റുപുഴ എന്നീ പ്രദേശങ്ങളിലെ കോള്‍ചാലുകളില്‍ ആണ് ഒഴുക്ക് തടസപ്പെട്ടിട്ടുള്ളത്. ഇതുമൂലം പല സ്ഥലങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു.
ആവര്‍ത്തിച്ച്ആ വശ്യപ്പെട്ടിട്ടുംപ്രശ്‌നപരിഹാരമില്ലാത്തതിനാലാണ് കര്‍ഷകര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചത്.സ്ഥലത്തെത്തിയ പി. ബാലചന്ദ്രന്‍ എം.എല്‍.എ. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തു. ഒരാഴ്ചയ്ക്കകം കുളവാഴകള്‍ പൂര്‍ണമായി നീക്കം ചെയ്യാം എന്ന് മന്ത്രി ഉറപ്പു നല്‍കി.

ഇതോടെ സമരക്കാര്‍ ശാന്തരായി. കോള്‍ പാടങ്ങളില്‍ ആദ്യ വിള ഇറക്കാന്‍ തന്നെ രണ്ടുമാസത്തിലധികം വൈകിയെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇനിയും വിത്തിറക്കാന്‍ ആയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരും. നേരത്തെ നല്‍കിയ ഉറപ്പുപോലെ ഇത്തവണത്തേതും പാഴ്‌വാക്കായാല്‍ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.













