
റോഷാക്കിന് ശേഷം വീണ്ടും ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
‘ബസൂക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടി ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമായിരിക്കും ബസൂക്കയിലേത് എന്ന് അടിവരയിടുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

ശത്രുക്കളുടെ ചുറ്റും യാതൊരു ഭയവുമില്ലാതെ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. താരത്തിന്റെ കയ്യില്‍ ഒരും തോക്കും കാണാം. ത്രില്ലര്‍ മാത്രമല്ല, ഒരു ഗ്യാങ്സ്റ്റര്‍ മൂവിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നിസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്.
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കലാസംവിധാനം- അനീസ് നാടോടി, എഡിറ്റര്‍- നിഷാദ് യൂസഫ്, ഛായാഗ്രഹണം-നിമിഷ് രവി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ എന്നീ കമ്ബനികള്‍ ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.
