മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി


കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ബിജെപി ശില്പശാല ഉള്‍പ്പെടെ തടസപ്പെട്ടു. പ്രവര്‍ത്തകരെ മാറ്റി നിറുത്തിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കായി പ്രവര്‍ത്തിക്കില്ലെന്നും എംഎല്‍ അശ്വനിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചിട്ടുണ്ട്.


മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായി ശില്പശാല വിളിച്ച് ചേര്‍ത്തിരുന്നത്. എന്നാല്‍ പരിപാടി തുടങ്ങും മുന്‍പ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തി.


ശക്തമായ ഭാഷയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.ഒരു വിഭാഗത്തെ മാറ്റി നിറുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലപാട് തുടര്‍ന്നാല്‍ അശ്വിനിയ്ക്കായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഉണ്ടാവില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ശില്പശാല മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ അനുനയ നീക്കങ്ങളെ കുറിച്ച് ആലോചിക്കുകയാണ് നേതൃത്വം.



Sharing is Caring