സ്വരാജിനെ സെക്രട്ടറി തോൽപ്പിക്കുമോ?


എ. സജീവൻ


യു.ഡി.എഫ് അനുകൂല മണ്ഡലമായ നിലമ്പൂരിൽ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കിലേ എൽ.ഡി.എഫ് ജയിക്കാറുള്ളു. 67ൽ സി.പി.എം നേതൃത്വം കൊടുത്ത സപ്തകക്ഷി മുന്നണിയിൽ മുസ്ലീംലീഗുണ്ടായിരുന്നു. കുഞ്ഞാലിയെപ്പോലെ ജനകീയനായ നേതാവിനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. രണ്ടും കൂടിയപ്പോൾ കുഞ്ഞാലി ജയിച്ചു.
1980 ൽ ആദ്യം സി. ഹരിദാസും പിന്നെ ആര്യാടൻ മുഹമ്മദും ജയിച്ചത് സി.പി.എം മുന്നണിയിൽ നിന്നാണ്. അതിനു കാരണം കോൺഗ്രസ്സ് പിളർന്ന് ആൻ്റണി കോൺഗ്രസ് ഇപ്പുറം ചേർന്നതായിരുന്നു.


1982 ൽ കെ. കരുണാകരൻ 14 ൽ 13 ഡി.സി.സി പ്രസിഡണ്ടുമാർക്കും സീറ്റ് നൽകുകയും മലപ്പുറം ഡി.സി.സി പ്രസിഡണ്ടായ ടി.കെ ഹംസയ്ക്കു മാത്രം സീറ്റ് നിഷേധിക്കുകയും ചെയ്തപ്പോൾ ഹംസ നിലമ്പൂരിൽ വിമതസ്ഥാനാർത്ഥിയായി. എൽ.ഡി.എഫ് പിന്തുണച്ചു. ഹംസ ജയിച്ചു.

ഇതേ രീതിയിൽ കോൺഗ്രസ്സിൽ നിന്നു കലഹിച്ചു പിരിഞ്ഞ് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ചപ്പോഴാണ് പി.വി അൻവർ 2016 ലും 2021 ലും ജയിച്ചത്.
ഈ ചരിത്രം നോക്കുമ്പോൾ എൽ.ഡി.എഫിനെതിരേ, അതിലേറെ മുഖ്യമന്ത്രി പിണറായിക്കെതിരേ അതിരൂക്ഷമായ കടന്നാക്രമണവുമായി അൻവർ രംഗത്തുവന്നപ്പോൾ 2025 ലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരായാലും യു.ഡി.എഫിന് അനായാസ വിജയം ഉറപ്പായിരുന്നു.
അതിനിടയിലാണ് അൻവറിന് എതിർപ്പുള്ള ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വി.ഡി സതീശൻ അൻവറിനോട് കൊമ്പുകോർത്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരേ പറഞ്ഞതിൽ മാപ്പു പറയാതെ അൻവറുമായി ബന്ധമില്ലെന്നു സതീശൻ നിലപാടെടുത്തതോടെ അൻവർ പിണസായിസം മാറ്റിവച്ച് സതീശനിസത്തിനെതിരേ തിരിഞ്ഞു. മുഖ്യശത്രുക്കൾ വി.ഡി സതീശനും അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിയായ ഷൗക്കത്തുമായി.

എൽ.ഡി.എഫിനു കിട്ടിയ സുവർണാവസരമായിരുന്നു അത്.
സ്ഥാനാർത്ഥിയായി നിലമ്പൂരുകാരനും യുവനേതാക്കളിൽ ശ്രദ്ധേയനുമായ എം. സ്വരാജ് വന്നതോടെ മത്സരം കടുത്തു. യു.ഡി.എഫിന് ഉറപ്പായും കിട്ടുമായിരുന്ന മലയോര ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവച്ച് ഒരു മലയോര കൃസ്ത്യൻ സ്ഥാനാർത്ഥിയെ ബി.ജെ.പി നിർത്തിയത് എൽ.ഡി.എഫിന് ഏറെ പ്രതീക്ഷ നൽകുന്നതായി. വെള്ളാപ്പള്ളി വോട്ടുകളും എൽ.ഡി.എഫിന് ഉറപ്പായി.
ഇതിനിടയിലാണ് എൽ.ഡി.എഫിന് മറ്റൊരു ലോട്ടറിയായി ജമാഅത്ത് വിഷയത്തിലുള്ള വി.ഡി സതീശൻ്റെ പ്രതികരണമുണ്ടാകുന്നത്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നിലപാട് മാറ്റിയെന്ന സതീശൻ്റെ പ്രസ്താവനയ്ക്കെതിരേ എ.പി, ഇ.കെ സുന്നി നേതാക്കളിൽ പലരും കെ.എൻ.എം ജനറൽ സെക്രട്ടറിയും രംഗത്തുവന്നു. എൽ.ഡി.എഫ് അത് ശക്തമായ രാഷ്ട്രീയ ആയുധമാക്കി. വിജയത്തിൻ്റെ തുലാസ് സ്വരാജിന് അനുകൂലമായി.
അപകടം മണത്ത കോൺഗ്രസ് യുവനിര നേതാക്കൾ ഇതിനിടയിൽ രഹസ്യമായി അൻവുമായി ധാരണയുണ്ടാക്കിയതായാണ് അറിയുന്നത്. 2026 ൽ അൻവറിന് സെയ്ഫ് സീറ്റ് നൽകും. പകരം അൻവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുണ്ട്. പരമാവധി എൽ.ഡി.എഫ് വോട്ടുകൾ അൻവർ സ്വന്തമാക്കണം. യു.ഡി.എഫ് വോട്ടുകൾ മാന്തിയെടുക്കരുത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കും പ്രതിപക്ഷനേതാവിനുമെതിരേയുള്ള പരസ്യവിമർശനം നിർത്തണം.
വോട്ടെടുപ്പുദിനത്തിൻ്റെ തൊട്ടുതലേന്നു മുതൽ അൻവിനു വന്ന സ്വരം മാറ്റം ശ്രദ്ധിച്ചോ? പിണറായിക്കെതിരായ വിമർശനം രൂക്ഷമാക്കി. സതീശനിസം ഒഴിവാക്കി. താൻ ജയിച്ചില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നു വരെ പറഞ്ഞു.
എങ്കിലും എൽ.ഡി.എഫിന് പ്രതീക്ഷിക്കാൻ വകയുണ്ടായിരുന്നു. സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വരാജ് നല്ല ഓളമുണ്ടാക്കിയിരുന്നു. 1967 നു ശേഷം ആദ്യമായി പാർട്ടി ചിഹ്നത്തിൽ ഒരു യുവനേതാവ് മത്സരിക്കുന്നതിൻ്റെ ആവേശം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരിൽ അടിച്ചുയർന്നത് കുറച്ചൊന്നുമല്ല. എണ്ണയിട്ട യന്ത്രം പോലെയാണ് അവിടെ എൽ.ഡി.എഫ് പ്രവർത്തിച്ചത്.
അതിനിടയിലാണ്, പതിനൊന്നാം മണിക്കൂറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റുടെ ചാനൽ അഭിമുഖം ബോംബായി വീഴുന്നത്. 1977 ൽ സി.പി.എം ആർ.എസ്.എസ്സുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. (അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം ഉൾപ്പെടെയുള്ള പാർട്ടികൾ പിരിച്ചുവിട്ട് രൂപീകരിച്ച ജനതാപാർട്ടിയുമായി കൂട്ടുചേർന്നതിനെ പരാമർശിച്ചാണ് ഗോവിന്ദൻ മാസ്റ്റർ അങ്ങനെ പറഞ്ഞത്.)
മാഷ് പറഞ്ഞത് സ്വയംകൃതാനർത്ഥമാണെന്നു തിരിച്ചറിഞ്ഞ അഭിമുഖക്കാരൻ ചോദിച്ചു, ‘ആർ.എസ്.എസുമായി കൂട്ടുകൂടിയെന്നു പറഞ്ഞാൽ വിവാദമാകില്ലേ?’
മാഷുടെ മറുപടി: ‘എന്തു വിവാദം? സത്യം പറഞ്ഞാൽ വിവാദമാകുമോ?’
പരാജയഭീതി മണത്തുനിന്ന യു.ഡി.എഫുകാർക്ക് അതൊരു ബംബർ ലോട്ടറിയായിരുന്നു. അവർ അതു പരമാവധി ആഘോഷിച്ചു. മുഖ്യമന്ത്രിയുൾപ്പെടെ തിരുത്തിപ്പറഞ്ഞിട്ടും ഗോവിന്ദൻ മാഷ് പറഞ്ഞത് സാമൂഹ്യമാധ്യമങ്ങളിൽ മഹാപ്രവാഹമായി.
നിലമ്പൂർ മുസ്ലിംഭൂരിപക്ഷ മണ്ഡലമാണ്. ആർ.എസ്.എസ്സിൻ്റെ ഇസ്ലാമോഫോബിയക്കെതിരേ പ്രതിഷേധം നിറഞ്ഞ മനസ്സുകളുള്ള നാടാണ്. അവിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്വയംകൃതാനർത്ഥ പ്രതികരണം നടത്തിയത്. പാർട്ടി സെക്രട്ടറി നിലമ്പൂരിൽ ഇടതുമുന്നണിയെ തോൽപ്പിക്കുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകുമോ?



Sharing is Caring