മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു

മലപ്പുറം വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോ​ഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐെ ​ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു.ഇന്നലെ രാത്രി 10 മണിയോടെയാണ് ​ഗോപി മോഹൻ ഓടിച്ച വാഹനം അപകടമുണ്ടാക്കുന്നത്. പൊലീസ് വാഹനം ഒരു കാർ ഇടിച്ചിട്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ജീപ്പ് തടഞ്ഞുവച്ച നാട്ടുകാർ‌ ഉദ്യോ​ഗസ്ഥനെ പോകാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു.

കാർ ഇടിച്ച ശേഷം വേ​ഗത്തിൽ ഓടിച്ച ജീപ്പ് മറ്റൊരു ബൈക്കിനേയും ഇടിക്കാൻ ശ്രമിച്ചിരുന്നു. ഈ ബൈക്ക് യാത്രികനും മറ്റ് നാട്ടുകാരും ചേർന്നാണ് ജീപ്പ് വളഞ്ഞ് ഉദ്യോ​ഗസ്ഥനെ പുറത്തിറക്കിയത്.വണ്ടി തടഞ്ഞ് ഉദ്യോ​ഗസ്ഥനോട് സംസാരിച്ചപ്പോഴാണ് ഇദ്ദേഹം മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് ബോധ്യപ്പെടുന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവിയെ നാട്ടുകാർ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് മങ്കട പൊലീസെത്തി മദ്യപിച്ച് വാഹനമോടിച്ച ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *