താൻ പരിശീലനം ലഭിച്ച പൈലറ്റ്;രാജ്യത്തെ സേവിക്കാൻ തയാറാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ്


ഇന്ത്യ-പാക് സംഘർഷം തുടരവെ രാജ്യത്തെ സേവിക്കാൻ തയാറാണെന്ന് അറിയിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. താൻ പരിശീലനം ലഭിച്ച ഒരു പൈലറ്റാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ എപ്പോഴും രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. ഞാൻ പൈലറ്റ് പരിശീലനം നേടിയിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ടാൽ അത് ഭാഗ്യമായി കണക്കാക്കും. ജയ് ഹിന്ദ്” തേജ് പ്രതാപ് യാദവ് പ്രതികരിച്ചു. പൈലറ്റ് യൂണിഫോമിലുള്ള ചിത്രവുംലൈസൻസിന്റെ പകർപ്പുകളും തേജ് പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു പിന്നാലെ ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. ഇസ്‌ലമാബാദിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റേയും വസതിക്ക് സമീപം സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ.ഷെഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ ജമ്മുവിൽ പാക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൻ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.




Sharing is Caring