വ്യാജ നിയമന വിവാദത്തില്‍ കെപി ബാസിതിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


ആരോഗ്യ വകുപ്പ് വ്യാജ നിയമന വിവാദത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കെപി ബാസിതിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ നിയമനക്കോഴ കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് ബാസിതിനെ കഴിഞ്ഞ ദിവസമാണ് മലപ്പുറം മഞ്ചേരിയില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാസിതിനെ വിശദമായ ചോദ്യം ചെയ്യലിനാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.കേസിലെ മറ്റൊരു പ്രതിയായ അഖില്‍ സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി.


ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അഖില്‍ സജീവിന്റെ കസ്റ്റഡി കാലാവധി നീട്ടേണ്ടതില്ലെന്നും മൊഴിയെടുപ്പ് പൂര്‍ത്തിയായതായും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവിന്റെ അറസ്റ്റ് പൊലീസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു.


നിയമനക്കോഴ കേസിലെ പരാതിയില്‍ ബാസിതിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ ഒപ്പ് വച്ചതെന്ന് ഹരിദാസ് മൊഴി നല്‍കിയിരുന്നു. മന്ത്രിയുടെ പിഎയുടെ പേര് പറഞ്ഞാല്‍ അന്വേഷണമുണ്ടാകില്ലെന്നും ബാസിത് പറഞ്ഞതായി ഹരിദാസിന്റെ മൊഴിയിലുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ബാസിതാണെന്നാണ് പൊലീസിന്റെ വാദം.



Sharing is Caring