മാഹിയില്‍ നിന്ന് മദ്യം കടത്തുന്ന വില്പന സംഘം കൊയിലാണ്ടിയില്‍ സജീവം; ഫ്ലൈഓവർ ബ്രിഡ്ജിന് താഴെ മദ്യപന്‍മാരുടെ വിളയാട്ടം



കൊയിലാണ്ടി: അനധികൃത മദ്യ വില്‍പ്പനക്കാര്‍ കൊയിലാണ്ടിയില്‍ താവളമാക്കുന്നു.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്, അനക്‌സ് ബില്‍ഡിംഗ്, ഫ്ലൈഓവർ ബ്രിഡ്ജ്,
ടൗണ്‍ഹാളിന് സമീപത്തെ പുതിയ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ എന്നിവടങ്ങള്‍
കേന്ദ്രീകരിച്ചാണ് മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന മദ്യം വില്‍പ്പന
നടത്തുന്ന സംഘം സജീവമായത്. കുറേ നാളുകളായി ഇത്തരം സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു.
അതിരാവിലെ തന്നെ ഇവിടങ്ങളില്‍ മദ്യ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ്
വിവരം. മാഹിയില്‍ നിന്ന് എത്തിക്കുന്ന മദ്യം ചെറിയ പ്ലാസ്റ്റിക്
കുപ്പികളിലാക്കിയും വില്‍പ്പന നടത്തുന്നുണ്ട്. മദ്യപിച്ച് ലക്ക് കെട്ട് അലഞ്ഞ്
തിരിഞ്ഞ് പരിസര ബോധം പോലും മറന്ന് അനക്‌സ് ബില്‍ഡിംഗിലും പുതിയ ബസ്
സ്റ്റാന്റിലും കിടക്കുന്ന നിരവധി മദ്യപാനികളെ ദിവസവും കാണാന്‍ കഴിയും.
പലര്‍ക്കും ഉടുതുണി പോലുമില്ലാത്ത സ്ഥിതിയാണ്.


ഫ്ലൈഓവർ ബ്രിഡ്ജിന് താഴെ വെച്ചും മദ്യവില്‍പ്പന നടക്കുന്നതിനാല്‍ ഇതു വഴി
യാത്ര ചെയ്യാന്‍ പോലും സ്ത്രീകളും കുട്ടികളും ഭയക്കുകയാണ്. ബന്ധപ്പെട്ട
അധികാരികള്‍ ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന വ്യാപക
പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ബസ് സ്റ്റാന്റും പരിസരവും
സി.സി.ടി.വി സ്ഥാപിക്കണമെന്നും മുഴുവന്‍ സമയ പോലീസ് എയ്ഡ് പോസ്റ്റ് ബസ്
സ്റ്റാന്റ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് ജനങ്ങളുടെ ഏകാഭിപ്രായം.
ഇതേ സമയം മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് അടുത്ത കാലത്തായി വീണ്ടും
വര്‍ദ്ധിച്ചിട്ടുണ്ട്. ബാര്‍ നിരോധനത്തെ തുടര്‍ന്ന് ആളുകള്‍ പൂര്‍ണ്ണമായും
മാഹിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അക്കാലത്ത് ശക്തമായ പരിശോധനകളും
നടന്നുവന്നിരുന്നു. എന്നാലിപ്പോള്‍ കേരളത്തില്‍ പൂട്ടിയ ബിവറേജ്
ഔട്ട്‌ലെറ്റുകളും പല ബാറുകളും തുറന്നതോടെ പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. ഇത്
മുതലെടുത്താണ് വ്യാപകമായ മദ്യക്കടത്ത് നടക്കുന്നത്. ക്രിസ്മസ്,
പുതുവത്സരാഘോഷങ്ങള്‍ അടുത്തെത്തിയ സാഹചര്യത്തില്‍ വലിയ തോതിലാണ് മാഹിയില്‍
നിന്ന് കേരളത്തിലേക്ക് മദ്യമൊഴുകുന്നത്. റോഡ് മാര്‍ഗവും കാല്‍ നടയായുമെല്ലാം
മദ്യം എത്തിക്കുന്നുണ്ട്.


കോടതി ഉത്തരവിനെത്തുടര്‍ന്ന് മാഹിയിലെ മദ്യശാലകളും ഭൂരിഭാഗവും
അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഇവയില്‍ ഏറെയും ഇപ്പോള്‍ വീണ്ടും തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെയാണ് കേരളത്തില്‍ നിന്ന് വീണ്ടും
മാഹിയിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്.



Sharing is Caring