സംസ്ഥാനത്ത് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുക. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.
ആദ്യമായി ചെയ്യേണ്ടത്?
ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ മുഖേനയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റിൽ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.













