കൊല്ലം സുധിയുടെ നിര്യാണം എല്ലാവരെയും ഞെട്ടിച്ചതായി ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. ഇന്നലെ സുധിയോട് സംസാരിച്ചിരുന്നു. ഇന്ന് അത് മുഴുവൻ മനസിൽ തറഞ്ഞു നിൽക്കുന്നു എന്നും അദ്ദേഹം വേദനയോടെ ഓർത്തു. ഇന്നലെ സുധി നടത്തിയ കലാപ്രകടനങ്ങൾ വടകരക്കാരുടെ മനസ്സിൽ നിന്നും ഇതുവരെയും മാഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോകുലം ഗോപാലൻ അടക്കമുള്ളവർ പങ്കെടുത്ത കോഴിക്കോട് വടകരയിൽ ഇന്നലെ നടന്ന 24 കണക്റ്റിൻറെ മെഗാ ഷോയിൽ കൊല്ലം സുധി കലാപ്രകടങ്ങൾ കാഴ്ച്ചവെച്ചിരുന്നു. അതിന്റെ ഓർമ മനസിൽ നിന്നും മായും മുൻപ് സുധി വിട പറഞ്ഞതിന്റെ വേദന അദ്ദേഹം പങ്കുവെച്ചു.
സുധിയുടെ നിര്യാണത്തിൽ ഫ്‌ളവേഴ്‌സ് കുടുംബം വേദനിക്കുന്നു എന്ന് വ്യക്തമാക്കിയ ഗോകുലം ഗോപാലൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഗോകുലം ഗോപാലൻ പ്രതികരിച്ചു.














