തെക്കന്‍ കേരളത്തിലെ ആദ്യ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കി കിംസ്‌ഹെല്‍ത്ത്


ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47 കാരനില്‍ കാര്‍ ടി സെല്‍ തെറാപ്പി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഫസ്റ്റ് ലൈന്‍ കീമോ തെറാപ്പിയോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് ഈ നൂതന ചികിത്സാരീതിയിലേക്ക് കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ സംഘം നീങ്ങിയത്.


അപൂര്‍വ്വവും അതീവ ഗുരുതരവുമായ ബി സെല്‍ നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമ (എന്‍എച്ച്എല്‍)യുടെ വകഭേദമായിരുന്നു രോഗിയിലുണ്ടായിരുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് നോണ്‍ ഹോജ്കിൻസ് ലിംഫോമ. കീമോ തെറാപ്പിയുടെ 6 സൈക്കിളുകള്‍ പിന്നിട്ടിട്ടും രോഗബാധ ഗുരുതരമായി തന്നെ തുടരുന്നുവെന്ന് പെറ്റ് സ്‌കാനില്‍ കണ്ടെത്തുകയായിരുന്നു.


ഈ സാഹചര്യത്തില്‍, ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജയ് പി നായര്‍ നേതൃത്വം നല്‍കിയ കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം കാര്‍ ടി സെല്‍ തെറാപ്പിയാണ് അനുയോജ്യ ചികിത്സാരീതിയെന്ന് നിര്‍ണയിക്കുകയായിരുന്നു. ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുവാനായി രോഗിയുടെ രക്തത്തിലെ ശ്വേത രക്താണുക്കളിൽ ഒരുവിഭാഗമായ ടി- സെല്ലുകളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തുന്ന ഒറ്റത്തവണയായുള്ള ചികിത്സാരീതിയാണിത്.

ലിംഫോമയ്‌ക്കെതിരെ പൊരുതുവാന്‍ ശരീരത്തിലെ രോഗപ്രതിരോധ സെല്ലുകളെ ഉപയോപ്പെടുത്തുന്ന ഒരു വ്യത്യസ്ത രീതിയിലാണ് കാര്‍ ടി സെല്‍ തെറാപ്പി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ രോഗിയ്ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ചികിത്സാരീതി ഇതായിരുന്നു. – ഡോ. ബിജയ് പി നായര്‍ പറഞ്ഞു. ജനിതക മാറ്റം വരുത്തിയ ടി സെല്ലുകളുടെ എന്‍ഗ്രാഫ്റ്റ്‌മെന്റിനായി രോഗിയുടെ ശരീരത്തെ സജ്ജമാക്കുന്നതിനായി കീമോ തെറാപ്പിയും നല്‍കി.

രോഗിയുടെ രക്തത്തില്‍ നിന്നും ടി സെല്ലുകള്‍ വേര്‍തിരിച്ച് ലബോറട്ടറിയില്‍ അവയെ ജനിതകമാറ്റം വരുത്തി രോഗിയില്‍ തിരികെ നിക്ഷേപിക്കുകയുമാണ് ഈ പ്രൊസീജ്യറില്‍ ചെയ്യുന്നത്. അങ്ങനെ, ക്യാൻസർ കോശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള ശേഷി ഈ ടി-സെല്ലുകൾക്ക് കൃത്രിമമായി നൽകുന്നു. ഈ കോശങ്ങൾ ലിംഫോമയ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കുവാന്‍ ജനിതക മാറ്റം വരുത്തിയ ഈ സെല്ലുകള്‍ പെരുകുകയും ചെയ്യും.

ക്ലിനിക്കല്‍ ഹെമറ്റോളജി ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ ഡോ. അശ്വിന്‍ വി നായര്‍, ഡോ. ലക്ഷ്മണ്‍ കെ.എസ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സനൂജ പിങ്കി തുടങ്ങിയവര്‍ ഉള്‍പ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സംയോജിത ശ്രമത്തിലൂടെയാണ് ഈ ചികത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്.



Sharing is Caring