ലോക ട്രോമാ ദിനത്തിൽ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് കിംസ്ഹെല്‍ത്ത്. അത്യാഹിതങ്ങളിലേക്ക് ആദ്യം ഓടിയെത്തി എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിൽ ഒഴിച്ച് കൂടാനാവാത്ത പങ്ക് വഹിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെയും ഭാഗമായാണ് ഹീറോസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ കിംസ്‌ഹെല്‍ത്ത് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടന്ന പരിപാടിയില്‍ 108 ആംബുലന്‍സിലെ ആദ്യ വനിത ഡ്രൈവര്‍ ദീപമോള്‍ അടക്കമുള്ള 100 ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ (ലോ ആന്‍ഡ് ഓര്‍ഡര്‍ ആൻഡ് ട്രാഫിക്ക്) അജിത്ത് കുമാര്‍, ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. അത്യാഹിതത്തിലാകുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് ഓടിയെത്തുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാരെന്നും അവരുടെ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും ആദരിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നവരാണ് ‘ഹീറോസ്’, അത്തരത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിനും മുകളിലാണ്. സദാസമയം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അപകടത്തിലായവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സ്വന്തം ജീവനും റോഡിലുള്ള മറ്റ് യാത്രക്കാരുടെ ജീവനും ശ്രദ്ധിക്കണമെന്നും, റോഡ് നിയമങ്ങള്‍ പാലിക്കുന്നതിൽ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡില്‍ പാലിക്കേണ്ട നിയമങ്ങളും, ശ്രദ്ധയും എത്ര വിലപ്പെട്ടതാണെന്ന് സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് പറഞ്ഞു. പരിപാടിയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 2022 സെപ്റ്റംബര്‍ വരെ മാത്രം ഈ വര്‍ഷം 28,775 അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അതില്‍ 2,838 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹവും നിയമപാലകരും സര്‍ക്കാരുമെല്ലാം കൂട്ടായി പരിശ്രമിച്ചാല്‍ മാത്രമേ ഈ കണക്കുകള്‍ നിയന്ത്രിക്കാന്‍ കഴിയൂ. ട്രാഫിക് ബോധവല്‍ക്കരണവും നിയമങ്ങള്‍ പാലിക്കുന്നതും എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിംസ്‌ഹെല്‍ത്ത് ക്ലിനിക്കല്‍ സര്‍വീസസ്‌ ഡയറക്ടറും ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമ വിഭാഗം മേധാവിയുവുമായ ഡോ. മുഹമ്മദ് നസീര്‍, കിംസ്‌ഹെല്‍ത്ത് ക്രിറ്റിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍ മുരളീധരന്‍, 108 ആംബുലന്‍സ് സര്‍വീസിലെ ആദ്യ വനിതാ ഡ്രൈവര്‍ ദീപമോള്‍ എന്നിവര്‍ സംസാരിച്ചു. കിംസ്‌ഹെല്‍ത്ത് സി.ഇ.ഒ, ജെറി ഫിലിപ്പ് പങ്കെടുത്തു. കിംസ്‌ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഷമീം കെ.യു സ്വാഗതവും കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *