ഹൃദ്രോഗ ചികിത്സയില്‍ അത്യാധുനിക ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബുമായി കിംസ്‌ഹെല്‍ത്ത്


അതിവേഗത്തിലും കൃത്യതയോടെയും ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും സാധ്യമാക്കുന്ന നൂതന ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബ് സംവിധാനവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ‘ഫിലിപ്സ് അസൂറിയോണ്‍ 7സി12’ എന്ന ഈ അതിനൂതന സംവിധാനം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി ചികിത്സകളെ സഹായിക്കുന്നു. കിംസ്ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഈ സംവിധാനം സജ്ജമാക്കുന്ന ആദ്യ സ്വകാര്യ ആശുപത്രിയാണ് കിംസ്ഹെല്‍ത്ത്.


സാങ്കേതിക വിദ്യയിലുണ്ടാകുന്ന വളര്‍ച്ച ആരോഗ്യരംഗത്തും രോഗീപരിചരണത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഹൃദ്രോഗം കാരണത്താലുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുമെന്ന് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് എ.ഐയുടെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതില്‍ നേതൃനിരയിലാണ് നമ്മുടെ രാജ്യം. പുതിയ സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും നമ്മുടെ ആരോഗ്യ സംവിധാനത്തിന് കരുത്ത് പകരും. പൊതുജനാരോഗ്യത്തിനായി ഇത്തരം അത്യാധുനിക സംവിധാനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കിംസ്ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുമായി അദ്ദേഹം സംവദിച്ചു.


ഹൃദ്രോഗഭീഷണിയും അതിന്റെ സങ്കീര്‍ണതകളും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അടിയന്തര ഹൃദ്രോഗ ചികിത്സയുടെ ആവശ്യകതയും വര്‍ദ്ധിച്ചു വരികയാണെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. അതിനാല്‍ത്തന്നെ രോഗികളെ കൂടുതല്‍ കാര്യക്ഷമമായി ചികിത്സിക്കുന്നതിനും അവരോരുത്തരുടേയും ജീവന്‍ രക്ഷിക്കുന്നതിനും സാങ്കേതികമായി നാം പൂര്‍ണ്ണ സജ്ജരാകേണ്ടതുണ്ട്. ഫിലിപ്സ് അസുറിയോണ്‍ 7സി12 പോലുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ കിംസ്‌ഹെല്‍ത്തില്‍ സജ്ജമാക്കുന്നത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിപ്സ് അസുറിയോണ്‍ 7സി12 സമാനതകളില്ലാത്ത ഇമേജിംഗും മെഡിക്കല്‍ പ്രൊസീജിയറുകള്‍ കൂടുതല്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാനും സഹായിക്കുന്നു. ഇതിന്റെ 12 ഇഞ്ച് ഉയര്‍ന്ന-റെസല്യൂഷന്‍ ഡിറ്റക്ടര്‍ കൂടുതല്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും സാധ്യമാക്കും. നൂതന ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയറും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ സംവിധാനം, സങ്കീര്‍ണ്ണമായ ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറുകളെ കൂടുതല്‍ എളുപ്പത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. സ്റ്റെന്റ്ബൂസ്റ്റ് ലൈവ്, ഡൈനാമിക് കൊറോണറി റോഡ്മാപ്പ് തുടങ്ങിയ അത്യാധുനിക സവിശേഷതകള്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ഉയര്‍ന്ന നിലവാരമുള്ള ഇമേജിംഗ് വഴി മികച്ച ചികിത്സാ ഫലങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഹൃദ്രോഗ ചികിത്സയില്‍ ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന ആശുപത്രികളെ ഒരു പടികൂടി ശക്തപ്പെടുത്തുന്ന സംവിധാനമാണ് ഫിലിപ്സ് അസുറിയോണ്‍ 7സി12. കൊറോണറി ആന്‍ജിയോഗ്രാഫി, ആന്‍ജിയോപ്ലാസ്റ്റി, പീഡിയാട്രിക് ആന്‍ഡ് സ്ട്രക്ചറല്‍ ഹാര്‍ട്ട് ഇന്റര്‍വെന്‍ഷന്‍സ് (ടാവി), പേസ്‌മേക്കര്‍ ഇംപ്ലാന്റേഷന്‍, ഇലക്ട്രോഫിസിയോളജി പ്രൊസീജിയറുകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ ഹൃദ്രോഗ ചികിത്സാ രീതികളില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഇതിലൂടെ സാധ്യമാകും.



Sharing is Caring