‘കെജിഎഫ് 3’ ;റോക്കി ഭായിയുടെ മൂന്നാം വരവ് 2025ല്‍


കന്നഡ സിനിമാ ലോകത്തിന്റെ തലവര മാറ്റിമറിച്ച ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു.


മൂന്നാമത്തെ ഭാഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് കെജിഎഫ് 2 അവസാനിപ്പിക്കുന്നത്. കെജിഎഫ് മൂന്നിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ വാര്‍ത്ത പുറത്തുവരികയാണ്.


2025ല്‍ കെജിഎഫ് 3 റിലീസ് ചെയ്യും എന്നാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വക്താവ് വ്യക്തമാക്കിയത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും. കെജിഎഫിന്റെ അഞ്ചാം വാര്‍ഷികമായ ഡിസംബര്‍ 21ന് മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

സംവിധായകനും നിര്‍മാതാവും നടനും ചേര്‍ന്നുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ചിത്രത്തിന്റെ കഥയേക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കും. തുടര്‍ന്ന് 2025 ല്‍ ചിത്രം റിലീസ് ചെയ്യുന്നും ഹോംബാലെ ഫിലിംസിന്റെ വക്താവ് പിടിഐയോട് പറഞ്ഞു.

2018ലാണ് കെജിഎഫ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം പുറത്തുവരുന്നത്. 2022ല്‍ രണ്ടാം ഭാഗവും റിലീസായി. പ്രശാന്ത് നീലാണ് രണ്ട് സിനിമകളും ഒരുക്കിയത്. റോക്കി ഭായ് എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിച്ചത്.



Sharing is Caring