ഇന്റർനെറ്റ് ലഭ്യത ഇന്ന് ഒരു ആഡംബരമല്ല , മറിച്ച് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ, ഭരണവ്യവസ്ഥ തുടങ്ങി എല്ലാ മേഖലകളിലും ഇന്റർനെറ്റിന്റെ സാന്നിധ്യം അനിവാര്യമായിരിക്കുന്നു.
ഇന്റർനെറ്റ് വഴി ലഭ്യമാകുന്ന പുത്തൻ അവസരങ്ങളും സാധ്യതകളും കേരളത്തിന്റെ മികച്ച ഭാവി വാർത്തെടുക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും, കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഈ അവസരങ്ങൾ ഒരുപോലെ എങ്ങനെ എത്തിക്കുമെന്ന ചിന്തയിൽ നിന്നുമുരുത്തിരിഞ്ഞതാണ് കേരള സർക്കാരിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെഫോൺ (KFON). കിഫ്‌ബി ഫണ്ടിംഗിലൂടെ കേരള സർക്കാർ നടപ്പാക്കിയ ഈ മഹത്തായ അടിസ്ഥാന സൗകര്യ പദ്ധതി 2023 ജൂണ്‍ 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ഡിജിറ്റൽ വിഭജനമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, ആരോഗ്യം, ഇ-ഗവേണൻസ്, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സമത്വത്തിനും സാമ്പത്തിക പുരോഗതിക്കുമുള്ള അവസരങ്ങൾ തുറക്കുകയാണ് കെഫോൺ പദ്ധതിയിലൂടെ കേരള സർക്കാർ. കേരളത്തിലങ്ങോളമിങ്ങോളം വന്‍ സ്വീകാര്യതയാണ് കെഫോണിനു ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന പ്രത്യേകത എല്ലാ വിഭാഗം ജനങ്ങളെയും കെഫോണിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമായി.
കേരളത്തിലാകെ 129348 കണക്ഷനുകൾ നേടി കെഫോൺ മുന്നോട്ട് കുതിയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപഭൂക്താക്കളെന്ന മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ല. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കെഫോണിന് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 23183 കണക്ഷനുകളാണ് ഇതിനോടകം മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്. 16,733 ഗാർഹിക കണക്ഷനുകൾ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, 2,777 സർക്കാർ ഓഫീസുകളിലും കെ-ഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കെഫോൺ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ ലഭിച്ച മികച്ച ജനപിന്തുണയും സ്വീകരണവുമാണ് ജില്ലയിലെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. വേഗതയുള്ളതും, വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയതോടെ, മലപ്പുറത്തെ വീടുകളും സ്ഥാപനങ്ങളും കെഫോൺ കണക്ഷനുകൾക്ക് ഉത്സാഹപൂർവം മുന്നോട്ട് വന്നു. ബി.പി.എൽ വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകൾ ലഭിച്ചതും ജനങ്ങൾക്കിടയിൽ കെഫോണിനോടുള്ള വിശ്വാസം വർധിപ്പിക്കുവാൻ കാരണമായി.
കെഫോണിന്റെ വളര്‍ച്ചയില്‍ ഓരോ ഓപ്പറേറ്റര്‍മാരുടേയും പങ്ക് ഏറെ പ്രശംസയര്‍ഹിക്കുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 3,000ലേറെ ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 341 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ പ്രവർത്തനം നടത്തുന്നുണ്ട്. 1000ത്തിലധികം കണക്ഷനുകൾ നൽകി പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യത്തെ പാർട്ണറാണ് സ്പുട്നിക്. പുലാമന്തോൾ മേഖലയിൽ കണക്ഷനുകൾ നൽകി വരുന്നത് സ്പുട്നിക്കാണ്. കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവച്ചുകൊണ്ടാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ കരസ്ഥമാക്കി പ്ലാറ്റിനം കാറ്റഗറി എന്ന നേട്ടം സ്പുട്നിക് കരസ്ഥമാക്കിയത്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഓപ്പറേറ്റര്‍മാരെ അനുമോദിക്കുന്നതിൽ കെഫോൺ ഏറെ ശ്രദ്ധ നൽകുന്നുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂർ, കാടാമ്പുഴ, പുലാമന്തോൾ, മേലാറ്റൂർ എന്നിവിടങ്ങളിലാണ് കെഫോൺ കണക്ഷനുകൾ നൽകി വരുന്നത്. ജില്ലയില്‍ ഇതുവരെ 3482.556 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 153.89 കിലോമീറ്റര്‍ ഒപിജിഡബ്യു കേബിളുകളും 3328.666 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് കേബിള്‍ സ്ഥാപിച്ചത്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 2927 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്.
തീര്‍ത്തും സൗജന്യമായാണ് ബിപിഎല്‍ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് കെഫോൺ നല്‍കിവരുന്നത്. മലപ്പുറത്ത് ബി. പി.എൽ വിഭാഗത്തിൽ ഫേസ് 1-ൽ 761 കണക്ഷനുകളും ഫേസ് 2-ൽ 2903 കണക്ഷനുകളും പൂർത്തിയായി. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും കെഫോൺ കണക്ഷൻ വിതരണം പുരോഗമിക്കുകയാണ്. മലപ്പുറം മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ, മറ്റു ജില്ലകളിലും പദ്ധതിയുടെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
കോട്ടയം ജില്ലയിൽ ഇതുവരെ 9,595 കണക്ഷനുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 9,170 കണക്ഷനുകളും എറണാകുളം ജില്ലയിൽ 8,897 കണക്ഷനുകളും ,പാലക്കാട് 8,316, കൊല്ലം ജില്ലയിൽ 7,817, തൃശൂർ 7,785, തിരുവനന്തപുരം ജില്ലയിൽ 7,103 എന്നീ ക്രമത്തിൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഗ്രാമീണ, ആദിവാസി മേഖലകളിൽ കൂടുതൽ വ്യാപനം നേടിയ വയനാട് ജില്ലയിൽ 5,589 കണക്ഷനുകൾ ലഭ്യമായപ്പോൾ, ഇടുക്കിയിൽ 5,834, കണ്ണൂർ ജില്ലയിൽ 6,001 കണക്ഷനുകളും ആലപ്പുഴ ജില്ലയിൽ 3,997 കണക്ഷനുകളും പൂർത്തിയായി. പത്തനംതിട്ടയിൽ 3,101 കണക്ഷനുകളും കാസർഗോഡ് ജില്ലയിൽ 2,351 കണക്ഷനുകളും നിലവിലുണ്ട്. കെഫോൺ സംസ്ഥാനതലത്തിൽ എത്രത്തോളം പുരോഗതി കൈവരിച്ചു വരികയാണെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ സംവിധാനങ്ങൾ മുഖേന സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലേക്കും ഇന്റർനെറ്റ് എത്തിക്കുന്നുണ്ടെന്ന് കെഫോൺ ഉറപ്പുവരുത്തുന്നു. 2026 ആകുമ്പോഴേക്കും രണ്ടര ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനായുള്ള പ്രവർത്തങ്ങളാണ് കെഫോണ്‍ നടത്തിവരുന്നത്. ഈ പദ്ധതി പൂർണ്ണമായി നടപ്പാകുമ്പോൾ, കേരളത്തിലെ എല്ലാ വീടുകളിലും, ഓഫിസുകളിലും, വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വേഗതയിലും സ്ഥിരതയോടെയും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സാധിക്കും. ഇതിലൂടെ സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വ്യാപാരം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയും.
കണക്ടിംഗ് ദി അൺകണക്ടഡ്’ എന്ന ആശയവുമായി, സംസ്ഥാനത്തെ ദൂരപ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും ഇന്റർനെറ്റ് സൗകര്യം എത്തിക്കുക എന്നത് കെഫോണിൻറെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. ഡിജിറ്റൽ സമത്വം ഉറപ്പാക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനത്തൊട്ടാകെ ഗ്രാമപ്രദേശങ്ങളുള്‍പ്പടെ ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന സ്ഥലങ്ങളില്‍ കെഫോണ്‍ ഫൈബറുകള്‍ വിന്യസിക്കാന്‍ സാധിച്ചുവെന്നത് പദ്ധതിയുടെ ഏറ്റവും വലിയ വിജയമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ പ്രദേശത്തെ ചോനംപാറയും വാലിപ്പാറയും ഉൾപ്പെടുന്ന ആദിവാസി മേഖലകളിലെ 103 വീടുകൾക്ക് കെഫോൺ കണക്ഷൻ നൽകിക്കഴിഞ്ഞു. ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ലക്ഷ്യമിട്ടുകൊണ്ട് ഇന്റര്‍നെറ്റ് സേവനമെത്തിക്കാൻ പ്രയാസകരമായ മേഖലകളില്‍ ഫൈബര്‍ കേബിളുകള്‍ വിന്യസിസിച്ചുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയും മികച്ച ഇന്റര്‍നെറ്റ് സേവനവും, മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കുവാനും കെഫോണിനു കഴിഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കെഫോണ്‍ കണക്ഷനുകള്‍ക്കുപരി മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കെഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി സാധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്ആ.ർ ഫണ്ടുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടുകളും വിനിയോഗിക്കുന്നുണ്ട്.
കോട്ടൂരിലെ കണക്ഷനുകൾ സജ്ജമാക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്ആ.ർ ഫണ്ടിൽനിന്ന് ലഭിച്ചിരുന്നു. അതുകൂടാതെ മറ്റു നിരവധി ബാങ്കുകളും കമ്പനികളും ഇത്തരത്തിലുള്ള സി.എസ്ആ.ർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള താൽപര്യം പ്രകടിപ്പിച്ച് കെഫോൺ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ, ഈ സഹകരണ മാതൃക ഉപയോഗിച്ച് സാമ്പത്തികമായി പിന്നാക്കവും ദൂരപ്രദേശങ്ങളിലുമുള്ളവർക്കും കെഫോൺ സേവനം വിപുലീകരിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
നിലവില്‍ അടിസ്ഥാന സേവനങ്ങള്‍ക്കൊപ്പം, വാല്യൂ ആഡഡ് സര്‍വീസുകളിലേക്കും കടന്നുകൊണ്ട് കൂടുതല്‍ സംതൃപ്ത ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനമായ കെഫോണ്‍. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് എന്നീ അടുത്ത ഘട്ട പദ്ധതികളോടൊപ്പം, ദേശീയ തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കുന്ന ഐ.എസ്.പി.എ ലൈസന്‍സും കെഫോണ്‍ നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെവിടെയും കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സേവനം നല്‍കാനാകും.
കെഫോൺ പദ്ധതിയുടെ വിജയകരമായ പ്രവർത്തനം മാതൃകയാക്കി, രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളും പൊതുജനങ്ങൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കാൻ തയ്യാറെടുക്കുന്നതും ശ്രദ്ധേയമാണ്. കേരള സർക്കാരിന്റെ അഭിമാനമായ ഈ പദ്ധതിയെക്കുറിച്ച് പഠിച്ച്, അതേ മാതൃകയിൽ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി, തമിഴ്നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) പ്രതിനിധികൾ കെഫോൺ ഓഫീസ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി പദ്ധതിയുടെ സാങ്കേതിക, ഭരണ, പ്രവർത്തന ഘടകങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഈ സന്ദർശനം കെ-ഫോൺ മോഡലിന്റെ ദേശീയ പ്രാധാന്യവും പുനരാവിഷ്‌കരണ സാധ്യതകളും തെളിയിക്കുന്നതോടൊപ്പം, കേരളം ഡിജിറ്റൽ രംഗത്ത് മാതൃകാ സംസ്ഥാനമായി മാറിയിരിക്കുന്നതിന്റെ തെളിവും കൂടിയാണ്. സാങ്കേതിക മികവും ആധുനിക സംവിധാനങ്ങളും വേഗത്തിലുള്ള പ്രശ്നപരിഹാര സംവിധാനവും ഒരുമിപ്പിച്ച് പ്രവർത്തിക്കുന്ന കെഫോൺ ടെക്‌നിക്കൽ കോൾ സെന്റർ, കേരളത്തിന്റെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് പുതിയ ഊർജം പകരുകയാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃ സേവനം ലഭ്യമാകുന്നതിനാൽ, സാധാരണ ഉപയോക്താക്കൾക്കും എളുപ്പത്തിൽ ആശയവിനിമയം നടത്താനും സഹായം ലഭിക്കാനും ഇത് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ഒ.ടി.ടി. സേവനങ്ങൾ അവതരിപ്പിച്ചതോടെ, വിനോദരംഗത്തും ശക്തമായ സാന്നിധ്യം കൈവരിച്ചിരിക്കുകയാണ് കെ-ഫോൺ. കെ-ഫോൺ ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി 29 ഒ.ടി.ടി. ആപ്ലിക്കേഷനുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ഉൾപ്പെടുത്തിയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്‌സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻ കോഡ്, ഡിസ്കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ കെഫോൺ മുഖേന പ്രേക്ഷകർക്ക് ഒരേ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് ₹444 മുതൽ ആരംഭിക്കുന്ന അഞ്ചു വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ് — സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ. ഈ പാക്കേജുകൾ ഒരുമാസം, മൂന്ന് മാസം, ആറുമാസം, ഒരു വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
കെഫോൺ ഇന്ന് സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുന്ന ഏറ്റവും വലിയ ദൗത്യമായി മാറി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ലഭ്യമായ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനങ്ങൾ വഴി, കേരളം ഡിജിറ്റൽ മേഖലയിലെ ഉന്നതിയിലേക്ക് കുതിയ്ക്കുകയും സാങ്കേതിക സമത്വത്തിന്റെയും മാതൃകയായി മാറുകയുമാണ്.
കെഫോൺ ഓരോ വ്യക്തിക്കും വലിയ അവസരങ്ങൾ തുറന്നു കൊടുക്കുന്നു. സാമ്പത്തിക, സാമൂഹിക, അസമത്വങ്ങളില്ലാതെ, സംസ്ഥാനത്തുടനീളം എല്ലാ പൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യം വിദൂരമല്ല. സംസ്ഥാനത്ത് സമഗ്രമായ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുകയും ഡിജിറ്റൽ വിടവ് നികത്തുകയും ചെയ്യാൻ കെഫോൺ പദ്ധതിയിലൂടെ കേരളം സർക്കാരിന് സാധിച്ചിരിക്കുന്നുവെന്ന് നിസംശയം പറയാൻ കഴിയും.
വിദ്യാഭ്യാസം, ആരോഗ്യം, ഭരണസേവനങ്ങൾ, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കെഫോൺ സൃഷ്ടിച്ച മാറ്റങ്ങൾ സംസ്ഥാനത്തിന്റെ പുരോഗതിക്ക് പുതിയ ദിശ നൽകി. ഭാവിയിൽ കേരളത്തിലെ ഓരോ വീടുകളും, ഓഫീസുകളും, സ്ഥാപനങ്ങളും ഇന്റർനെറ് ശൃംഖലയിലൂടെ ബന്ധിപ്പിക്കപ്പെടുമ്പോൾ, കേരളം ഒരു സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി ഉയരുമെന്ന് ഉറപ്പാണ്.
കെഫോണിന്റെ പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കുന്നതിനായി എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.
***













