നിലവിലെ ചാമ്ബ്യന്മാരായ കേരളത്തിന് 76ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഇന്ന് നിലനില്‍പിന്റെ പോരാട്ടം.കഴിഞ്ഞ ദിവസം അയല്‍ക്കാരായ കര്‍ണാടകയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ കേരളം ഗ്രൂപ് എയിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ മുന്‍ ചാമ്ബ്യന്മാരായ മഹാരാഷ്ട്രയെ നേരിടുന്നു.
കലിംഗ മൈതാനത്ത് ഇന്ന് രാത്രി 7.30 നാണ് മത്സരം. ഫാന്‍കോഡ് ആപില്‍ തത്സമയം കാണാം. ആദ്യ മത്സരത്തില്‍ ഗോവയെ തോല്‍പിച്ച കേരളം ആറു ടീമുകളുള്ള ഗ്രൂപ്പില്‍ മൂന്നു പോയന്റുമായി നാലാമതാണ്. ഒരോ ജയവും ഒരോ സമനിലയുമായി ആതിഥേയരായ ഒഡിഷയും പഞ്ചാബും കര്‍ണാടകയുമാണ് കേരളത്തിന് മുന്നില്‍.

രണ്ടു കളികളില്‍ ഒറ്റ പോയന്റ് മാത്രമുള്ള മഹാരാഷ്ട്രക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമിയിലേക്കുള്ള പാത മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ സുഗമമാക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ കേരളത്തിന് ജയിച്ചേ തീരൂ. ഇന്ന് സമനില വഴങ്ങിയാല്‍ പോലും മുന്നോട്ടുള്ള പ്രയാണം പ്രയാസമാവും.
പഞ്ചാബും ഒഡിഷയുമാണ് അടുത്ത എതിരാളികള്‍. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ കര്‍ണാടക രാവിലെ ഗോവയെയും ഒഡിഷ വൈകീട്ട് പഞ്ചാബിനെയും നേരിടും. സൗദി അറേബ്യയില്‍ നടക്കുന്ന നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായ കേരളത്തിന് മികച്ച ഫോം കണ്ടെത്താനാവാത്തതാണ് മുഖ്യപ്രശ്നം.
ആദ്യ കളിയില്‍ ഗോവയെ തോല്‍പിച്ചെങ്കിലും ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം കുറവായിരുന്നു. കര്‍ണാടകക്കെതിരായ മത്സരത്തില്‍ ദൗര്‍ബല്യം തുറന്നു കാട്ടപ്പെടുകയും ചെയ്തു.
പ്രാഥമിക റൗണ്ടില്‍ ഗോളടിച്ചു കൂട്ടിയ ചാമ്ബ്യന്മാരുടെ നിരയില്‍ റിസ്‍വാന്‍ അലി, ഗിഫ്റ്റി ഗ്രേഷ്യസ്, അബ്ദുറഹീം, നിജോ ഗില്‍ബര്‍ട്ട്, നരേഷ് ഭാഗ്യനാഥ് തുടങ്ങിയവര്‍ക്ക് ഇന്ന് കൂടുതല്‍ ഭാരം പേറണം. ബാറിനു കീഴില്‍ ക്യാപ്റ്റന്‍ മിഥുന്‍ വിശ്വസ്തനാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ആദ്യം കരക്കിരുന്ന ഒ.എം. ആസിഫ് ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.













