എംഎസ്എംഇയുടെ തൃശൂരിലുള്ള ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിൽ നടന്ന കേരള സോളാർ എനർജി ബങ്ക് സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം എംഎസ്എംഇ ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ് IEDS നിർവഹിക്കുന്നു. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ സമീപം.
തൃശൂർ: സൗരോർജ മേഖലയിലെ സോളാർ ഇൻസ്റ്റാളേഷനും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള സോളാർ എനർജി ബങ്ക് സ്ഥാപിതമായി. കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭക (എംഎസ്എംഇ) വകുപ്പും ഇസാഫ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഊർജ്ജബന്ധു- സൗരോർജ പരിശീലന കോഴ്സ് വിജയകരമായി പൂർത്തീകരിച്ച പതിനേഴോളം ടെക്‌നീഷ്യന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്.
എംഎസ്എംഇയുടെ തൃശൂരിലുള്ള ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിൽ സംഘടിപ്പിച്ച, സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം എംഎസ്എംഇ ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ് IEDS നിർവഹിച്ചു. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ സ്ഥാപനത്തിന്റെ ലോഗോ പുറത്തിറക്കി. എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടർ പി ബി സുരേഷ് ബാബു IEDS, ഇസാഫ് ഫൗണ്ടേഷൻ അസ്സോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി, ഊർജ്ജബന്ധു- സൗരോർജ കോഴ്സിന്റെ പരിശീലകൻ കണ്ണൻ ഡി, കേരള സോളാർ എനർജി ബങ്ക് കമ്പനി സെക്രട്ടറി എം കൃഷ്ണകുമാർ, സന്തോഷ് എൻ ജി, ആന്റണി പി പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ, കൂടുതൽ സോളാർ ഇൻസ്റ്റാൾ ചെയ്തതിനുള്ള അവാർഡ് സംരംഭക പി കെ നസ്‌ലയ്ക്ക് ലഭിച്ചു.