കെന്നഡീസ് ഐ.ക്യുവും ഡി ക്യൂബ് എ.ഐയും കൈകോര്‍ത്തു; സ്മാര്‍ട്ടായി ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍

തിരുവനന്തപുരം: ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഇനി സാങ്കേതിക വിദ്യയുടെ തണലില്‍ വിദ്യയഭ്യസിക്കും. ടെക്‌നോപാര്‍ക്കിലെ കമ്പനികളായ കെന്നഡീസ് ഐ.ക്യുവും ഡി ക്യൂബ് എ.ഐയും ചേര്‍ന്ന് ഇടിഞ്ഞാര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലെ രണ്ട് ക്ലാസ് റൂമുകളാണ് ഇന്റലിജന്റ് ഇന്ററാക്ടീവ് ക്ലാസ്‌റൂമാക്കി മാറ്റിയിരിക്കുന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാമനവുരം എം.എല്‍.എ ഡി.കെ മുരളി ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു. യുഎന്‍ സസ്റ്റൈനബിള്‍ ഡവലപ്പ്‌മെന്റ് ഗോള്‍സിന്റെ ഭാഗമായി വിദ്യാഭ്യാസം, പ്രകൃതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ കെന്നഡീസ് ഐക്യു നടത്തുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാണ് ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂളിലെ ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയത്. ക്ലാസുകളിലേക്ക് വേണ്ട സ്മാര്‍ട്ട് എക്യുപ്‌മെന്റുകള്‍, ഫര്‍ണിച്ചറുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് കെന്നഡീസ് ഐ.ക്യു സംഭാവന ചെയ്തത്. വരും വര്‍ഷങ്ങളില്‍ മറ്റ് ക്ലാസ് റൂമുകള്‍ നവീകരിക്കുന്നതും പരിഗണനയിലുണ്ടെന്നും കെന്നഡീസ് ഐ.ക്യു ഇന്ത്യ സി.ഇ.ഒ ടോണി ജോസഫ് പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്നും അതിനായി സമൂഹമൊന്നാകെ കൈകോര്‍ക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡി.കെ മുരളി എം.എല്‍.എ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നല്‍കി വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും നാടിന് അവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിയുടെ സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമൂഹമൊന്നാകെ കൈകോര്‍ത്തതിന്റെ തുടര്‍ച്ചയായാണ് ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ഇടിഞ്ഞാര്‍ സ്‌കൂളിനെ നവീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളാണ് നാളെയെ നിര്‍മിക്കുന്നതെന്നും അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ചടങ്ങില്‍ സംസാരിച്ച കെന്നഡീസ് ഐ.ക്യു പ്രൊഡക്ട് ആന്‍ഡ് ഇന്നവേഷന്‍ ഡയറക്ടര്‍ കരിം ഡെറിക് പറഞ്ഞു. അധ്യാപകനായിരുന്ന കാലം ഓര്‍ത്തെടുത്ത കരിം പുതിയ കണ്ടെത്തലുകള്‍ക്ക് പുതുതലമുറയെ പ്രാപ്തരാക്കാന്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പങ്കിനെപ്പറ്റിയും സംസാരിച്ചു.

സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന ആധുനിക സൗകര്യങ്ങള്‍ അധ്യാപകര്‍ക്ക് ക്രിയാത്മകമായി പഠിപ്പിക്കാനുള്ള വഴിയൊരുക്കിയെന്ന് ഡി ക്യൂബ് എ.ഐ സി.ഒ.ഒ മനു മാധവന്‍ പറഞ്ഞു. ചെറിയ ക്ലാസുകള്‍ മുതലേ സ്മാര്‍ട്ട് ക്ലാസ്‌റൂമില്‍ പഠനം നടത്താനാവുന്നത് ഉന്നത പഠന രംഗത്തേക്ക് കടന്നുചെല്ലുമ്പോള്‍ സാങ്കേതികവിദ്യയുടെ അപരിചിത്വം ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കുമെന്നും അതുവഴി മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിഞ്ഞാര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജസ്‌ലറ്റ് സേവ്യര്‍ സ്വാഗതം പറഞ്ഞു. പാലോട് എ.ഇ.ഒ ഷീജ .വി, കെന്നഡീസ് ഐ.ക്യു പ്രൊഡക്ട് ആന്‍ഡ് ഇന്നവേഷന്‍ ഡയറക്ടര്‍ കരിം ഡെറിക്, കെന്നഡീസ് ഐ.ക്യു സി.ഇ.ഒ ടോണി ജോസഫ്, സി.എഫ്.ഒ ജയകുമാര്‍ .ആര്‍, ഡി ക്യൂബ് എ.ഐ സി.ഇ.ഒ ബിനൂപ് ലാല്‍, ഡി ക്യൂബ് എ.ഐ ഡയറക്ടര്‍ ഷാജു .ആര്‍, സി.ഒ.ഒ മനു മാധവന്‍, ഇടിഞ്ഞാര്‍ വാര്‍ഡ് മെമ്പര്‍ ഭാസുരാംഗി, പി.ടി.എ പ്രസിഡന്റ് ലൈജു റാണി, കെന്നഡീസ് ഐ.ക്യുവിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ ലീഡര്‍ ബുഷ്‌റ ബഷീര്‍ ചടങ്ങിന് നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *