ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. സിപിഎം, രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും മതേതരത്വം പഠിപ്പിക്കേണ്ടന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റെതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.
ഹിന്ദു മുസ്ലീം പോരാട്ടമാക്കി ഏക സിവില്‍ കോഡിനെ മാറ്റുകയാണ് സിപിഎം. കോണ്‍ഗ്രസിന് ഉത്തരേന്ത്യയിലും കര്‍ണാടകത്തിലുമുണ്ടായ മുന്നേറ്റം കേരളത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മുസ്ലീം സമുദായത്തിന്റെയും, മുസ്ലീം ലീഗിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ എന്നും വേണുഗോപാല്‍ വ്യക്തമാക്കി.ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ നിലപാട് അറിയിക്കും.

ഏക സിവില്‍ കോഡ് അപ്രയോഗികമെന്ന മുന്‍ ലോ കമ്മീഷന്‍ നിഗമനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.എന്നാല്‍ യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സിപിഎമ്മിന് കഴിയില്ലന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോ എന്ന് ചോദിച്ച സുധാകരന്‍, ഗോവിന്ദന്‍ എന്ത് ലക്ഷ്യം വെച്ചാണ് ലീഗിന്റെ കാര്യം പറയുന്നതെന്നും വിമര്‍ശിച്ചു. എം വി ഗോവിന്ദന്‍ മറുപടി അര്‍ഹിക്കുന്നില്ലന്നും യൂണിഫോം സിവില്‍ കോഡില്‍ എഐസിസി നിലപാട് കാത്തിരിക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.













