കരുവന്നൂർ കള്ളപ്പണ ഇടപാട് കേസന്വേഷണം സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി. കള്ളപ്പണ ഇടപാടിൽ പാർട്ടിക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യംചെയ്ത് വിട്ടയച്ച ജില്ല സെക്രട്ടറി എം.എം. വർഗീസിനെ വീണ്ടും ചോദ്യംചെയ്യുന്ന ഡിസംബർ ഒന്നിന് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.
കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേട് ആരോപണമുയർന്ന കാലത്ത് എം.എം. വർഗീസ് സെക്രട്ടറിയായിരുന്നില്ല. എന്നാൽ, ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും പാർട്ടി ജില്ല സെക്രട്ടേറിയറ്റ് മുൻ അംഗത്തിനുമെതിരെ നടപടികൾ വന്നത് വർഗീസ് സെക്രട്ടറിയായിരിക്കെയാണ്. താൻ സെക്രട്ടറിയായപ്പോഴല്ല, ക്രമക്കേട് നടന്നതെന്ന് വർഗീസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ മുൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബേബിജോൺ, മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെയും ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.പാർട്ടിക്കും നേതാക്കൾക്കും കരുവന്നൂർ തട്ടിപ്പിൽ ബന്ധമുണ്ടെന്ന് ഇ.ഡി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ധനകാര്യസ്ഥാപനമായ ദേവി ഫിനാൻസിയേഴ്സിൽനിന്ന് നേതാക്കളുടെയും പാർട്ടി മുഖപത്രത്തിന്റെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് റിമാൻഡിലുള്ള വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ലോക്കൽ കമ്മിറ്റി അംഗം പി.ആർ. അരവിന്ദാക്ഷൻ, മുഖ്യസാക്ഷി ജിജോർ എന്നിവരുടെയും മൊഴിയുണ്ട്.ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് അറിയാനുള്ള ഇ.ഡിയുടെ നീക്കം. എന്നാൽ, അക്കൗണ്ട് വിവരങ്ങൾ നൽകാൻ ബാധ്യതയില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പു കാലത്ത് നിർണായക നീക്കമാണ് ഇ.ഡിയുടേതെന്നും നേതൃത്വം വിലയിരുത്തുന്നു. രണ്ടുപേരെ മുഖ്യസാക്ഷികളാക്കിയ നീക്കത്തിന് പിന്നിലും രാഷ്ട്രീയമുണ്ടെന്നാണ് പാർട്ടി നിരീക്ഷണം.













