കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി നല്‍കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). കോളജിന്റെ അപേക്ഷ പരിഗണിച്ച് വിവിധ പരിശോധനകള്‍ക്കുശേഷമാണ് യുജിസി ഇതുസംബന്ധിച്ചുള്ള ശുപാര്‍ശയ്ക്ക് അംഗീകരം നല്‍കിയത്.30 ദിവസത്തിനകം ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കോളജ് അഫിലിയേറ്റ് ചെയ്തിട്ടുള്ള എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയോട് യുജിസി നിര്‍ദേശിച്ചു.
2023-24 അധ്യയനവര്‍ഷം മുതല്‍ പത്തു വര്‍ഷത്തേക്കാണ് ഈ സമുന്നത പദവി കോളജിനു ലഭിക്കുന്നത്. തുടര്‍ന്ന് പരിശോധനകള്‍ക്കുശേഷം പദവി പുതുക്കി നല്‍കും. ഇതിനായി ഓട്ടോണമസ് കാലാവധി തീരുന്നതിനു മൂന്നു മാസം മുമ്പ് യുജിസിക്ക് കോളജ് അപേക്ഷ നല്‍കണം. അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് 2001ലാണ് സ്ഥാപിതമായത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോളജില്‍ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്.ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) അംഗീകാരവും എന്‍എബിഎച്ച് അക്രഡിറ്റേഷനുമുള്ള കോളജില്‍ നിലവില്‍ 3,162 വിദ്യാര്‍ഥികളും 257 അധ്യാപകരും 108 അനധ്യാപകരുമുണ്ട്.

ഓട്ടോണമസ് കോളജുകള്‍ക്കായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ കഴിഞ്ഞ 27ന് നടന്ന യുജിസി യോഗമാണ് അംഗീകരിച്ചത്. ഓട്ടോണമസ് കോളജുകള്‍ക്കുള്ള യുജിസിയുടെ എല്ലാ നിബന്ധനകളും അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ബാധകമായിരിക്കുമെന്നും യുജിസിയുടെ അറിയിപ്പില്‍ പറയുന്നു.യുജിസിയുടെ കീഴിലുള്ള നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കേരളത്തിലെ 119 ന്യൂ ജനറേഷന്‍ എന്‍ജിനീയറിങ് കോളജുകളില്‍ ‘എ’ ഗ്രേഡ് നല്‍കി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളജാണ് അമല്‍ ജ്യോതി. സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) അംഗീകാരം ആദ്യമായി നേടിയത് കോളേജ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ ആയിരുന്നു.













