കോഴിക്കോട്: കക്കോടി പഞ്ചായത്തിലെ മൂട്ടോളി- മേടക്കുന്ന് മലയിലെ റോഡ് തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മഴക്കാലത്ത് മഴവെള്ളം കുത്തിയൊഴുകുന്നത് കാരണം റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.
റോഡിലെ ടാറിംഗ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ദിവസേന നിരവധി പേർ യാത്ര ചെയ്യുന്ന റോഡാണിത്. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമാണ്. കാൽനട യാത്ര പോലും പ്രയാസകരമായ സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പയിമ്പ്ര റോഡിൽ നിന്നാണ് മേടക്കുന്ന് മലയിലേക്കുള്ള റോഡ് തുടങ്ങുന്നത്. ഇവിടേക്കിപ്പോൾ എവിടെ നിന്നും ഓട്ടോ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണുള്ളത്. നിരവധി വീടുകളും വില്ലകളും പ്രദേശത്തുണ്ട്. വാഹനങ്ങൾ വരാത്തത് കാരണം ഗർഭിണികളെയും കുട്ടികളെയും പ്രായമായവരെയുമെല്ലാം ആശുപത്രിയിലെത്തിക്കാൻ പോലും പ്രയാസം നേരിടുകയാണ്. രോഗം വന്നാൽ ആശുപത്രിയിലെത്താൻ നടന്നുപോകേണ്ട അവസ്ഥയാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് പോകാനും പ്രയാസം നേരിടുകയാണ്.
കക്കോടി പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ എത്രയും പെട്ടന്ന് പ്രവൃത്തി തുടങ്ങുമെന്ന മറുപടിയാണ് ലഭിക്കുന്നത്. പ്രവൃത്തിയുടെ കാര്യം പറയാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും യാതൊരും നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. എത്രയും പെട്ടന്ന് റോഡ് പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.