കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് ഏഴ് എം പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവശ്യപ്പെട്ടു. എം കെ രാഘവന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റെണി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവിശ്യപ്പെട്ടിരിക്കുന്നത്.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എം പിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത് പിന്നീട് വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും ഇവര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.
ഭാരത് ജോഡോയാത്രക്ക് നേതൃത്വം നല്‍കിയ കെ സി വേണുഗോപാലിനെയും യാത്രയില്‍ പങ്കെടുത്ത പത്തൊമ്പത് പേരെയും ആദരിക്കുന്ന ചടങ്ങ് കെ പി സി സി യില്‍ നടത്തിയപ്പോള്‍ എം പി മാരെ അവസാന നിമിഷമാണ് അറിയിച്ചത്. എം പിമാരാകട്ടെ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയുമായിരുന്നു. അത് കൊണ്ട് ഇവര്‍ സ്വന്തം നിലയില്‍ ഡല്‍ഹിയിലെ കെ സി വേണുഗോപാലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിക്കുകയായിരുന്നു. ഇവരെക്കൂടാതെ അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവരും കെ സുധാകരന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഹൈക്കമാന്‍ഡിനോട് അസംതൃപ്തിയറിയിച്ചിട്ടുണ്ട്














