ഇന്ത്യയിലെ പാസഞ്ചർ ഇവി സെഗ്‌മെന്റിനെ പുനർനിർവചിക്കുന്നതിനുള്ള തുടർച്ചയായ ശ്രമത്തിൽ, തങ്ങളുടെ ജനപ്രിയ കോമറ്റ് ഇവി, ഇസഡ്.എസ് ഇവി മോഡലുകളിൽ റെന്റൽ സ്‌കീമിൽ ബാറ്ററിയുമായി (ബാറ്ററി-അസ്-എ-സർവീസ്) ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ. ഈയടുത്ത് പുറത്തിറങ്ങിയ എം.ജി വിൻഡ്സറിലാണ് ആദ്യമായി റെന്റൽ സ്‌കീമിൽ ബാറ്ററി എന്ന ആശയം അവതരിപ്പിച്ചത്.
ഈ സ്കീമിന് കീഴിൽ, എം.ജി കോമറ്റ് 4.99 ലക്ഷം രൂപ മുതൽ വിലയ്ക്കും, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടകയ്ക്കും ലഭ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്.യു.വിയായ ഇസഡ്.എസ് ഇവി 13.99 ലക്ഷം രൂപ മുതൽ വിലയ്ക്കും, കിലോമീറ്ററിന് 4.5 രൂപ ബാറ്ററി വാടകനിരക്കിലും ലഭ്യമാണ്.
ബാറ്ററി ഉപയോഗത്തിനനുസരിച്ച് കിലോമീറ്റർ നിരക്കിൽ ഫീസ് അടയ്ക്കാൻ സാധിക്കുന്നതിനാൽ തന്നെ ഈ മോഡലുകൾ കൂടുതൽ ജനപ്രിയമാകുമെന്ന പ്രതീക്ഷ കമ്പനി വൃത്തങ്ങൾ പങ്കുവച്ചു. ഇതിനു പുറമെ മൂന്ന് വർഷത്തിനു ശേഷം 60 ശതമാനം ബൈബാക്കും കമ്പനി ഉറപ്പ് നൽകുന്നു.
“ഈ സ്കീമിലൂടെ ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്ലാറ്റ്‌ഫോം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവഴി, ഇലക്ട്രിക് വാഹനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകും. വിൻഡ്‌സറിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ഞങ്ങളുടെ ജനപ്രിയ കോമറ്റ് ഇവി, ഇസഡ്.എസ് ഇവി മോഡലുകളിലേക്കും ഈ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഈ പുതിയ ഉടമസ്ഥാവകാശ മാതൃക രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സതീന്ദർ സിംഗ് ബജ്‌വ പറഞ്ഞു.
ബജാജ് ഫിൻസേർവ്, ഹീറോ ഫിൻകോർപ്പ്, ഇക്കോഫി ഓട്ടോവെർട്ട് തുടങ്ങിയ ഫിനാൻസ് പാർട്ണറുമാരുടെ ശക്തമായ പിന്തുണയും ഈ സ്കീമിനുണ്ട്. ഈ പങ്കാളിത്തം രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹങ്ങളിലേക്കുള്ള മാറ്റം കൂടുതൽ എളുപ്പമാക്കുന്നു. വിശാലമായൊരു ഇന്റീരിയറും ഒതുക്കമുള്ള എക്സ്റ്റീരിയറും കൂടിച്ചേർന്ന ഒരു ഇലക്ട്രിക് വാഹനമാണ് എം.ജി കോമറ്റ് ഇവി. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം, റോഡിലെ വളവുകളിൽ ഡ്രൈവർക്ക് അസാമാന്യ നിയന്ത്രണം നൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്.യു.വിയായ ഇസഡ്.എസ് ഇവിയിൽ മണിക്കൂറിൽ 50 കിലോവാട്ട് പവർ നൽകുന്ന ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ ഒറ്റ ചാർജിൽ 461 കിലോമീറ്റർ വരെ റേഞ്ചും ഉറപ്പ് നൽകുന്നു.