മഹാരാഷ്ട്രയില്‍ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് മഹാരാഷ്ട്രാ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
സ്റ്റീല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, വൈദ്യുത വാഹനങ്ങള്‍, ലിഥിയം-അയണ്‍ ബാറ്ററി, സോളാര്‍ വേഫറും സെല്‍ മൊഡ്യൂളുകള്‍, അടിസ്ഥാന സൗകര്യവും സിമന്‍റും തുടങ്ങിയ മേഖലകളിലാവും ഈ നിക്ഷേപങ്ങള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുക.

വ്യവസായ, സാമ്പത്തിക മേഖലകളിലെ മഹാരാഷ്ട്രയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
വ്യവസായ വികസനം മാത്രമല്ല, ഹരിതവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളിലേക്കുള്ള ഇന്ത്യയുടെ നീക്കം കൂടിയാവും ഈ നീക്കത്തിലൂടെ ശക്തമാകുകയെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.













