ന്യൂയോര്‍ക്ക്: 2023 മുതല്‍ ടാല്‍കം ബേബി പൗഡര്‍ നിര്‍മിക്കില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. പൗഡറിനെതിരെ അമേരിക്കയിലും കാനഡയിലും നടക്കുന്ന നിയമനടപടികള്‍ക്കിടെയാണ് ഉല്‍പന്നം നിര്‍ത്തലാക്കുന്നതായി അറിയിച്ചത്.
പൗഡറില്‍ ആസ്ബസ്റ്റോസ് അംശം ഉണ്ടെന്നും ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ ഹരജി സമര്‍പ്പിച്ചിരുന്നു. യു.എസിലും കാനഡയിലും 2020ല്‍ തന്നെ പൗഡര്‍ നിരോധിച്ചിരുന്നതാണ്. അമേരിക്കയില്‍ പൗഡറിനെതിരെ 38,000 പരാതികള്‍ നല്‍കിയിരുന്നു.

എന്നാല്‍ പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ കമ്ബനി തള്ളി. വര്‍ഷങ്ങളോളം നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൗഡര്‍ പുറത്തിറക്കിയതെന്നും ഉപയോഗിക്കുന്ന ടാല്‍കില്‍ ആസ്ബസ്റ്റോസിന്‍റെ അംശം ഇല്ല എന്നുമാണ് കമ്ബനി അറിയിച്ചത്. ടാല്‍ക് അടങ്ങിയ പൗഡറിന് പകരം ചോളത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ഇനി പൗഡര്‍ നിര്‍മിക്കുക എന്നും കമ്ബനി അറിയിച്ചു.













