സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനംമുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത അടിവരയിടുന്നതാണ് പാഠ്യപദ്ധതിരേഖ.പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി വേണമെന്നതാണ് മറ്റൊരു മാറ്റം. പത്തിലും 12-ലുമാണ് നിലവിലെ പൊതുപരീക്ഷകൾ. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സെമസ്റ്റർ രീതി സഹായിക്കും.
പ്രീ-സ്കൂളിലും പ്രൈമറി ക്ലാസുകളുടെ ആദ്യഘട്ടത്തിലും പ്രാദേശികഭാഷയിലും പഠിക്കാനുള്ള അവസരമൊരുക്കണം.ഒന്നുമുതൽ അഞ്ചുവരെ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കണം. ആറാംക്ലാസ് മുതൽ വൈവിധ്യമുള്ള വ്യവഹാരങ്ങളിലൂടെ ഭാഷാപഠനം. സെക്കൻഡറിതലത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനും ആശയവിനിമയത്തിനുമുള്ള ശേഷി കൈവരിക്കണം.

11, 12 ക്ലാസുകളിൽ സ്വതന്ത്രരചന, വിമർശനക്കുറിപ്പുകൾ, സ്വതന്ത്രപരിഭാഷ തുടങ്ങിയവയ്ക്കുള്ള ശേഷി ആർജിക്കണം.ഭാഷാപഠനത്തിൽ ഹിന്ദി, ഉറുദു, അറബിക്, സംസ്‌കൃതം എന്നിവയ്ക്കുപുറമേ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരമുള്ള മറ്റു ഭാഷകളും പരിഗണിക്കണമെന്നും
പാഠ്യപദ്ധതിരേഖയിൽ പറയുന്നു .













