
പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയെന്ന് റിപ്പോര്‍ട്ട്. 90 പേര്‍ക്ക് പരുക്കേറ്റു. ഒരു പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാക്കളും ആറ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചത്.
പലസ്തീന്‍ ജനവാസമേഖലകളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലോഞ്ചിംഗ് യൂണിറ്റ് കമാന്‍ഡറായ അലി ഹസന്‍ ഗാലി, സായുധ വിഭാഗത്തിലെ മുതിര്‍ന്ന കമാന്‍ഡര് അഹ്മദ് അബൂ ദഖ ഉള്‍പ്പടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് പലസ്തീന്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധ സംഘടനകളുടെ നേതൃത്വത്തിലാണ് പലസ്തീന്‍ തിരിച്ചടിക്കുന്നത്. ഗാസയുടെ കര, വ്യോമ, നാവിക മേഖലകളില്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
