ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗസ്സയിലെ ആശുപത്രികള്‍ വീണ്ടും പിടിച്ചെടുത്ത് ഇസ്രായേല്‍ സേന.വടക്കൻ ഗസ്സയിലെ അല്‍ അവ്ദ ആശുപത്രിയിലേക്കും ഗസ്സ സിറ്റിയിലെ അല്‍ അഹ്‍ലി ആശുപത്രിയിലേക്കും ഇരച്ചുകയറിയ ഇസ്രായേലി ടാങ്കുകള്‍ കെട്ടിട ഭാഗങ്ങള്‍ തകര്‍ത്തു. വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു.
രോഗികള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാത്തവിധം രണ്ട് ആശുപത്രികളും സൈന്യം വളഞ്ഞിരിക്കുകയാണ്. ഖാൻ യൂനുസിലെ നാസര്‍ ആശുപത്രിക്കുനേരെയും 48 മണിക്കൂറിനിടെ രണ്ടുതവണ ബോംബാക്രമണം നടത്തി. ആശുപത്രികളെ നിരന്തരം ലക്ഷ്യംവെക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ രോഷം പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന വക്താവ് ഡോ. മാര്‍ഗരറ്റ് ഹാരിസ് ഗസ്സയില്‍ നടക്കുന്നത് വിശ്വസിക്കാവുന്നതിനും അപ്പുറമുള്ള ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടു.

ജബലിയയിലും റഫയിലും ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. റഫയില്‍ തിങ്കളാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ജബലിയയില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ആകെ മരണം 19,667 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52,586 പേര്‍ക്ക് പരിക്കേറ്റു. തെല്‍ അവീവിലേക്ക് ഹമാസ് ചൊവ്വാഴ്ച റോക്കറ്റാക്രമണം നടത്തി. ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 131 ആയി.
വിദേശ രാജ്യത്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയച്ചാല്‍ വെടിനിര്‍ത്താമെന്നും ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാമെന്നും അദ്ദേഹം സ്ഥാനപതിമാരുടെ യോഗത്തിലാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.













