ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍


വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍. മുതിര്‍ന്ന ഹമാസ് കമാന്‍ഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേല്‍ അവകാശവാദം.ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം പലസ്തീനികള്‍ ജീവിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.


എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.




Sharing is Caring