ഗാസയില്‍ മാരക ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രിയാണ് ഒക്ടോബര്‍ ഏഴിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രയേല്‍ സൈന്യം അഴിച്ചു വിട്ടത്.24 മണിക്കൂറിനുള്ളില്‍ 815 പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്.തങ്ങളുടെ ലക്ഷ്യം ഗാസ സിറ്റിയാണെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാനും ബാക്കിയുള്ളവര്‍ തെക്കന്‍ മേഖലയിലേക്ക് ഉടന്‍ മാറണമെന്നും ഇസ്രായേല്‍ സേന വീണ്ടും അന്ത്യശാസനം നല്‍കി. അതേസമയം, ഗാസയിലേക്കുള്ള ട്രക്കുകള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ധനം ലഭിച്ചില്ലെങ്കില്‍ സഹായ വിതരണം നിര്‍ത്തുമെന്ന് ഐക്യരാഷ്ട്ര സഭ ഏജന്‍സി അറിയിച്ചു.മസ്ജിദുല്‍ അഖ്‌സയില്‍ മുസ്ലീംങ്ങള്‍ക്ക് ഇസ്രായേല്‍ പ്രവേശനം നിഷേധിച്ചു.
നിയമപ്രകാരം മുസ്‌ലിംകള്‍ക്ക് മാത്രമാണ് അല്‍അഖ്‌സ പള്ളിയില്‍ പ്രാര്‍ഥനക്ക് അവകാശമുള്ളത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തങ്ങള്‍ സജ്ജരാണെന്നും രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേല്‍ സേന വക്താവ് അറിയിച്ചു.ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.













