ഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുന്നു.മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണസഖ്യത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ പങ്കാളികള്‍ തമ്മില്‍ നേരത്തേയുള്ള അധികാര കൈമാറ്റ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഉപപ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഇന്ന് പടിയിറങ്ങുന്ന വരദ്കര്‍ ഉടന്‍ തന്നെ ചുമതലയേല്‍ക്കും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളായ വരദ്കര്‍ രണ്ടാം തവണയാണ് ഈ സ്ഥാനത്തെത്തുന്നത്. 43 കാരനായ വരദ്കറുടെ ഫൈന്‍ ഗയേല്‍ പാര്‍ട്ടിയും നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്റെ ഫിയാന ഫെയില്‍ പാര്‍ട്ടിയും തമ്മില്‍ പ്രധാനമന്ത്രി പദം രണ്ട് ടേമുകളിലായി പങ്കുവയ്ക്കാന്‍ ധാരണയുണ്ടായിരുന്നു. 2020ലെ തെരഞ്ഞെടുപ്പിനു പിന്നാലെ അയര്‍ലന്‍ഡ് ഗ്രീന്‍സ് പാര്‍ട്ടി കൂടി ചേര്‍ന്നാണ് ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

സ്വവര്‍ഗാനുരാഗിയാണ് വരദ്കര്‍. 2015ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന അയര്‍ലന്‍ഡിന്റെ റഫറണ്ടത്തിന് മുമ്ബ് തന്നെ വരദ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ‘ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. ഇത് ഒരു രഹസ്യമല്ല, പക്ഷേ എല്ലാവര്‍ക്കും അറിയേണ്ട കാര്യവുമല്ല. ഇത് എന്നെ നിര്‍വചിക്കുന്ന ഒന്നല്ല’-ഇതായിരുന്നു വരദ്കറുടെ വാക്കുകള്‍. ഇന്ത്യന്‍ കുടിയേറ്റക്കാരനായ ഡോക്ടറുടെയും നഴ്‌സായ ഐറിഷ് മാതാവിന്റെയും മകനാണ്. കാര്‍ഡിയോളജിസ്റ്റ് മാത്യു ബാരറ്റ് ആണ് ജീവിത പങ്കാളി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതി വരെ കര്‍ശനവും യാഥാസ്ഥിതികവുമായ കത്തോലിക്കാ ധാര്‍മികത ആധിപത്യം പുലര്‍ത്തിയിരുന്ന രാജ്യത്ത് ഐറിഷ് രാഷ്ട്രീയത്തിന്റെ ഉന്നതിയിലേക്കുള്ള വരദ്കറിന്റെ ഉയര്‍ച്ച ശ്രദ്ധേയമായിരുന്നു. 38ാം വയസ്സില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ആദ്യ ഇന്ത്യന്‍ വംശജനുമായി.












